യുദ്ധത്തിന്റെ കെടുതികൾക്കിടയിൽ ഏഷ്യൻ കപ്പിൽ ഫലസ്തീൻ ഇറങ്ങുന്നു; എതിരാളി ഇറാൻ

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ നൂറാം നാളിലാണ് മത്സരം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Update: 2024-01-14 03:24 GMT
Editor : rishad | By : Web Desk

ദോഹ: യുദ്ധത്തിന്റെ കെടുതികള്‍ക്കിടയില്‍ ഫലസ്തീന്‍ ഇന്ന് ഏഷ്യന്‍ കപ്പില്‍ ബൂട്ടുകെട്ടും. ഗ്രൂപ്പ് സിയിലെ ശക്തരായ ഇറാനാണ് എതിരാളികള്‍ . ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ നൂറാം നാളിലാണ് മത്സരം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഫലസ്തീനിത് കേവലമൊരു മത്സരമല്ല. അസ്ഥിത്വം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അപൂര്‍വമായി ലഭിക്കുന്ന അവസരങ്ങളിലൊന്നാണ്. തോറ്റാലും ജയിച്ചാലും അമിതമായ ദുഃഖമോ സന്തോഷമോ അവര്‍ക്കുണ്ടാവില്ല. കാരണം ഈ ദുരിതകാലത്ത് മത്സര ഫലത്തേക്കാള്‍ എത്രയോ വലുതാണ് അവരുടെ സാന്നിധ്യം.

സ്വന്തമായി ഒരു സ്റ്റേഡിയം പോലുമില്ലാത്ത ടീം. ഉണ്ടായിരുന്ന സ്റ്റേഡിയം ഇന്ന് ഇസ്രായേലിന്റെ തടവറയാണ്. ഓരോ നിമിഷത്തിലും അവരെ തേടിയെത്തുന്ന ഭയാനകമായ നഷ്ടങ്ങളുടെ വാര്‍ത്തകളാണ്. ഏറ്റവും ഒടുവില്‍ മുന്‍ താരവും കോച്ചുമായിരുന്ന ഹാനി അൽ മസ്ദറും രക്തസാക്ഷിയായെന്ന വാര്‍ത്ത വന്നിട്ട് അധികനാളായിട്ടില്ല.

ഒരുകാര്യം ഉറപ്പാണ്, ഗസ്സയ്ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ നൂറാം നാളില്‍ നടക്കുന്ന മത്സരത്തില്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണ അവര്‍ക്കുണ്ടാകും. ശക്തരായ ഇറാനെതിരെ അവര്‍ ജയിക്കുമെന്ന പ്രതീക്ഷയിലല്ല. മറിച്ച അവരുടെ ചോരാത്ത പോരാട്ട വീര്യത്തിനുള്ള അംഗീകാരമാണത്.  ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് മത്സരം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News