ജനുവരി ട്രാൻസ്ഫറിൽ ആരൊക്കെ എങ്ങോട്ട്?; യൂറോപ്പിൽ നിർണായക നീക്കത്തിന് ക്ലബുകൾ
ജനുവരിയിൽ സലാഹിനെയെത്തിക്കാൻ സൗദി ക്ലബുകൾ സജീവമായി രംഗത്തുണ്ട്
മുഹമ്മദ് സലാഹും ലിവർപൂളും തമ്മിലുള്ള ഭിന്നത മുതലെടുക്കാൻ സൗദി ക്ലബുകൾ, മാഡ്രിഡിൽ ചോദ്യം ചെയ്യപ്പെട്ട് സാബി അലോൺസോയുടെ ഫ്യൂച്ചർ, പ്രീമിയർ ലീഗിൽ ആർസനലിനെ പിടിക്കാൻ പുതിയ ആയുധം തേടി ടോപ് ഫൈവ് ക്ലബുകൾ... ജനുവരി ട്രാൻസ്ഫർ അടുത്തിരിക്കെ ചടുലനീക്കങ്ങളിലാണ് യൂറോപ്പിലെ പ്രധാന ക്ലബുകൾ. പുതിയ ട്രാൻസ്ഫർ വാർത്തകൾ എന്തെല്ലാം... പരിശോധിക്കാം
ഏതാനും ദിവസങ്ങളായി ഫുട്ബോൾ സർക്കിളുകളിലെ ഹോട്ട് ടോപ്പിക്കളിലൊന്ന് മോ സലയും പരിശീലകൻ ആർനെ സ്ലോട്ടും തമ്മിലുള്ള അഭിപ്രായഭിന്നതയാണ്. അവസാന മൂന്ന് മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നതോടെ ഈജിപ്ഷ്യൻ താരം പരസ്യപ്രതികരണവുമായി രംഗത്തെത്തിയതോടെ ആൻഫീൽഡിൽ കറുത്തപുക ഉയർന്നിരുന്നു. ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂൾ വൻ തോൽവി നേരിട്ടതിന് പിന്നാലെയുള്ള മത്സരങ്ങളിൽ സലാഹിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
'ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കോച്ചുമായി നിലവിൽ നല്ലബന്ധത്തിലല്ലെന്നും 34 കാരൻ തുറന്നടിച്ചു. പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനെതിരായ മത്സരത്തിലേക്കും താരത്തെ ആർനെ സ്ലോട്ട് സെലക്ട് ചെയ്തിരുന്നില്ല. സലാഹ് ഇനി ടീമിലുണ്ടാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും സ്ലോട്ട് തയാറാകാതെ വന്നതോടെ താരം ക്ലബിന് പുറത്തേക്കെന്ന അഭ്യൂഹത്തിന് ശക്തി പകർന്നു. എന്നാൽ അവസാന ലീഗ് മത്സരത്തിൽ ബ്രൈട്ടനെതിരെ സലാഹിനെ സ്ലോട്ട് പകരക്കാരനായി ഇറക്കിയിരുന്നു. അപ്പോഴും ഇരുവരും തമ്മിലുള്ള ഭിന്നത മാറിയില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫരിൽ രണ്ട് വർഷത്തേക്കാണ് ഈജിപ്ഷ്യൻ താരം ഇംഗ്ലീഷ് ക്ലബുമായി കരാർ പുതുക്കിയത്. നിലവിൽ സൗദി ക്ലബുകളാണ് താരത്തെയെത്തിക്കാൻ സജീവമായി രംഗത്തുള്ളത്. അൽ ഹിലാൽ, അൽ ഇതിഹാദ്, അൽ നാസർ എന്നിവർക്കെല്ലാം ലിവർപൂൾ ഫോർവേഡിനെ ഒപ്പമെത്തിക്കാൻ ഇൻട്രസ്റ്റുണ്ട്
സമ്മർട്രാൻസ്ഫറിൽ സലാഹിനായി കാര്യമായ ശ്രമം നടത്തിയ ക്ലബാണ് അൽ ഹിലാൽ. എന്നാൽ സൗദി ലീഗിലേക്ക് പോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ താരം ലിവർപൂളിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഈ വർഷമായദ്യം നെയ്മറുമായുള്ള കരാർ അവസാനിച്ചതിനാൽ മറ്റൊരു സൂപ്പർതാരത്തെയെത്തിക്കാനുള്ള ശ്രമത്തിലാണ് ഏഷ്യൻക്ലബ്. 2023 സമ്മറിൽ 150 മില്യൺ പൗണ്ടിന്റെ ബിഡാണ് സലാഹിനായി അൽ-ഇത്തിഹാദ് മുന്നോട്ട് വെച്ചത്. രണ്ട് വർഷങ്ങൾക്കിപ്പുറവും താരത്തിനായി രംഗത്തെത്തുമ്പോൾ ട്രാൻസ്ഫർ ഫീയിൽ ഗണ്യമായ കുറവുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കരിം ബെൻസെമ, എൻകോളോ കാന്റെ എന്നിവർക്ക് പുറമെ മുൻ ലിവർപൂൾ ടീം മേറ്റ് ഫാബിന്യോയുടെ സാന്നിധ്യവും അൽ ഇത്തിഹാദിനുണ്ട്. ടർക്കിഷ് ക്ലബ് ഗലറ്റസറെ, ഇറ്റാലിയൻ ക്ലബ് നാപ്പൊളി, എംഎൽഎസ് ക്ലബ് ഇന്റർമയാമി... സലാഹിനെ ചുറ്റിപ്പറ്റി നിരവധി റൂമറുകളാണ് പ്രചരിക്കുന്നത്.
ലാലിഗയിൽ സ്ഥിരതപുലർത്താൻ പാടുപെടുന്ന റയൽ മാഡ്രിഡും ജനുവരി ട്രാൻസ്ററിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. മധ്യനിരയിലേക്കും പ്രതിരോധത്തിലേക്കും ചില നിർണായക മാറ്റങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവിലാണ് ക്ലബുള്ളത്. നിലവിൽ 32 കാരൻ റൂഡിഗറിന്റേയും 33 കാരൻ ഡേവിഡ് അലാബയുടേയും കരാർ ജൂണിൽ അവസാനിക്കും. ഡീൻ ഹ്യൂസൻ, എഡർ മിലിറ്റാവോ, അക്കാദമി താരം റൗൾ അസൻസിയോ എന്നിവരാണ് റയലിന്റെ സെൻട്രൽ ഡിഫൻസിലെ പ്രധാന ഓപ്ഷനുകൾ. ഇതിൽ മിലിറ്റാവോ വീണ്ടും പരിക്കിന്റെ പിടിയിലായതോടെ പ്രതിരോധം വലിയ ടാസ്കായിരിക്കുകയാണ്. ക്രിസ്റ്റൽ പാലസിന്റെ മാർക്ക് ഗുയി, ബയേൺ മ്യൂണികിന്റെ ഡയോട്ട് ഉപമെക്കാനോ എന്നീ താരങ്ങളാണ് ക്ലബ് റഡാറിലുള്ളത്.
ജൂണിലാണ് ഇരുതാരങ്ങളുടേയും കരാർ അവസാനിക്കുന്നത്. ഫ്രീട്രാൻസ്ഫർ വരെ കാത്തിരിക്കുമോ അതോ മിഡ് സീസണിൽ തന്നെ ഒപ്പമെത്തിക്കുമോയന്നതും കണ്ടറിയണം. ലിവർപൂൾ താരം ഇബ്രാഹിമ കൊണാട്ടയെ നേരത്തെ റയൽ നോട്ടമിട്ടിരുന്നെങ്കിലും നിലവിൽ ആ ഡീൽ അവസാനിപ്പതായാണ് റിപ്പോർട്ടുകൾ. ഒരു പഷേ കൊണാറ്റയുടെ അടുത്തിടെയുള്ള പെർഫോമൻസ് കണ്ടാകണം. മധ്യനിരയിലേക്ക് സിരി എ ക്ലബ് കോമോയുടെ അർജൈന്റൻ അറ്റാക്കിങ് മിഡ്ഫീൽഡർ നിക്കോ പാസിനെ തിരിച്ചെത്തിക്കാനുള്ള ശ്രമവും റയൽ സ്കൗട്ടിങ് ടീം നടത്തിവരുന്നുണ്ട്.
ഗെയിം ടൈം ലഭിക്കാത്തതിനാൽ ബ്രസീലിയൻ വിംഗർ റോഡ്രിഗോ ക്ലബ് വിടാനുള്ള തയാറെടുപ്പിലാണെന്ന വാർത്തകളും പുറത്തുവരുന്നു. ഇത് മ്മറിലേ കേട്ടിരുന്നുവെങ്കിലും നടന്നില്ല. മിഡ്സീസണിൽ ട്രാൻസ്ഫറിൽ എൻഡ്രിക്, ഗോൺസാലോ ഗാർഷ്യ എന്നിവരെ ലോണിൽ വിടാനും റയലിന് പദ്ധതിയുണ്ട്. അവസാന ലാലിഗ മത്സരത്തിൽ സെൽറ്റ വിഗയോട് തോറ്റതോടെ റയലിൽ സാബി അലോൺസോയുടെ പരിശീലനകസേരക്കും ഇളക്കംതട്ടിയിട്ടുണ്ട്.
പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ ഇടംപിടിക്കാനായി കഠിനശ്രമം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും മിഡ് സീസൺ ട്രാൻസഫറിൽ നിർണായക നീക്കം നടത്തിയേക്കും. പുതിയൊരു മിഡ്ഫീൽഡർക്കായാണ് റൂബൻ അമോറിം ജനുവരി ട്രാൻസ്ഫറിൽ നോട്ടമിടുന്നത്.. നോട്ടിങ്ഹാം ഫോറസ്റ്റ് യുവമിഡ്ഫീൽഡർ ഏലിയറ്റ് ആൻഡേഴ്സൺ, ക്രിസ്റ്റൽ പാലസിന്റെ ആദം വാർട്ടൻ, ബ്രൈട്ടൻ താരം കാർലോസ് ബലേബ എന്നിവരാണ് റെഡ് ഡെവിൾസിന്റെ സാധ്യതാ പട്ടികയിലുള്ളത്. കോബി മൈനു, കസമിറോ, മാനുഗൽ ഉഗാർത്തെ എന്നിവരുടെ റീപ്ലെയ്സ്മെന്റായി ഫ്യൂച്ചർ മുൻനിർത്തിയും ക്ലബ് നീക്കം നടത്തുകയാണ്
ജനുവരി ട്രാൻസ്ഫറിൽ കാര്യമായ ശ്രമം നടത്താൻ ഗണ്ണേഴ്സ് തയാറായേക്കില്ല. നിലവിൽ പ്രതിരോധനിരയിലടക്കം പരിക്ക് അലട്ടുന്നുണ്ടെങ്കിലും പുതിയ താരങ്ങളെയെത്തിക്കാനും പറഞ്ഞയക്കാനും അടുത്ത സമ്മർട്രാൻസ്ഫർ വരെ കാത്തിരിക്കാനാകും ഗണ്ണേഴ്സ് തീരുമാനം. അതേസമയം, ബോൺമൗത്ത് വിംഗർ ആന്റോണിയോ സെമന്യോയെ എത്തിക്കാൻ പ്രധാന ക്ലബുകൾ ശ്രമമാരംഭിച്ചിട്ടുണ്ട്. ഈ സീസണിൽ മിന്നും ഫോമിൽ കളിക്കുന്ന 25 കാരൻ ഖാന ഫോർവേഡിനായി 65 മില്യന്റെ വലിയതുകയാണ് ബോൺമൗത്ത്മൗത്ത് വിലയിട്ടത്. മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ്, ടോട്ടനം, ലിവർപൂൾ അടക്കം താരത്തിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സൗദി ട്രാൻസ്ഫർ സംബന്ധിച്ച അഭ്യൂഹങ്ങൾ ബാഴ്സതാരം റഫീഞ്ഞ തള്ളികളഞ്ഞു. വരുംസീസണിലും കറ്റാലൻ ക്ലബിനൊപ്പം തുടരുമെന്ന സൂചനയാണ് താരം നൽകിയത്. ബാഴ്സയുടെ മാർക് ബേർണാലിന് പിന്നാലെ ജിറൂണയും രംഗത്തുണ്ട്. അതിനടയിൽ കോബി മൈനൂവിനെ ബയേൺ നോക്കുന്നു, യുവന്റസിൽ നിന്നും കെനാൻ ഇൽദിനെ ആർസനൽ ചോദിക്കുന്നു അടക്കമുള്ള അഭ്യൂഹങ്ങളും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു