ബ്ലാസ്റ്റേഴ്‌സിനോട് ബൈ പറഞ്ഞ് പ്രശാന്ത്, ഇനി ഗോകുലത്തിനൊപ്പം?

ഭാവി പദ്ധതികളിൽ താരത്തിന് വിജയാശംസകൾ നേർന്ന ബ്ലാസ്‌റ്റേഴ്‌സ്, അഞ്ചു സീസണുകളിൽ ക്ലബ്ബിനൊപ്പം ചെലവിട്ട താരത്തിന് നന്ദി അറിയിച്ചു

Update: 2022-09-20 13:10 GMT
Editor : abs | By : Web Desk
Advertising

ആറ് വർഷമായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന പ്രശാന്ത് മോഹൻ ക്ലബ്ബ് വിട്ടുവെന്ന വാർത്ത ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ വിശ്വസിച്ചിരുന്നില്ല. മലയാളിതാരത്തിന്റെ ക്ലബ്ബ് മാറ്റം ബ്ലാസ്‌റ്റേഴ്‌സ് തന്നെ  ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ക്ലബ്ബും താരവും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിൽ അറിയിക്കുകയായിരുന്നു. ഭാവി പദ്ധതികളിൽ താരത്തിന് വിജയാശംസകൾ നേർന്ന ബ്ലാസ്‌റ്റേഴ്‌സ് അഞ്ചു സീസണുകളിൽ ക്ലബ്ബിനൊപ്പം ചെലവിട്ട താരത്തിന് നന്ദി അറിയിച്ചു. രണ്ടു വർഷത്തേക്കു കൂടി പ്രശാന്തുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് 2021ൽ പുതുക്കിയിരുന്നു.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് ഗോകുലം കേരളയിൽ ചേരുമെന്നാണ് പുതിയ റിപ്പോർട്ട്. ഗോകുലവുമായി താരം ചർച്ചകൾ നടത്തിയതായും വാർത്തകളുണ്ട്. ഐ ലീഗിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനാണ് കൂടുമാറ്റമെന്നാണ് കരുതുന്നത്. താരം ഇപ്പോൾ ഫ്രീ ഏജന്റാണ്. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2016ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്.സിയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചശേഷം 2017-18 സീസൺ മുതലാണ് മഞ്ഞപ്പടക്കുവേണ്ടി കളത്തിലിറങ്ങിയത്.


2010ൽ കേരള അണ്ടർ 14 ടീമിൽ കളിച്ചാണ പ്രശാന്ത് ഫുട്ബാളിൽ വരവറിയിച്ചത്. 2012ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അക്കാദമിയിൽ പ്രവേശനം നേടി. നാലു വർഷം അക്കാദമിയിൽ തുടർന്നു. ബ്ലാസ്റ്റേഴ്സിനുവേണ്ടി 61 മത്സരങ്ങളിൽ ജഴ്‌സിയണിഞ്ഞ പ്രശാന്ത് ഒരു ഗോളാണ് നേടിയത്. മിക്കപ്പോഴും പകരക്കാരന്റെ റോളായിരുന്നു. മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 2021ൽ ഒഡിഷ എഫ്.സിക്കെതിരെയായിരുന്നു പ്രശാന്തിന്റെ ഐ.എസ്.എൽ ഗോൾ.

അതേസമയം, ഒൻപതാം സീസൺ ഐ എസ് എല്ലിന്റെ ആദ്യ മത്സരത്തിനുള്ള ഓൺലൈൻ‌ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗ്യാലറി ടിക്കറ്റുകളെല്ലാം വിറ്റു പോയി. രണ്ട് വർഷങ്ങൾക്ക് ശേഷം കൊച്ചിയിലേക്കെത്തുന്ന ഐ എസ് എല്ലിന് ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ടിക്കറ്റ് വിൽപ്പന.  299 രൂപ മുതലായിരുന്നു ടിക്കറ്റുകൾ. എന്നാൽ കുറഞ്ഞ വിലക്കുള്ള ഗ്യാലറി ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റു തീർന്നു. അടുത്ത മാസം 7 ന് ഈസ്റ്റ് ബെംഗാളിനെതിരെയാണ് കേരള‌ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.‌ സീസണിലെ ഉദ്ഘാടന മത്സരം കൂടിയാണിത്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News