ആൻഫീൽഡിൽ റയലിനെ വീഴ്ത്തി ലിവർപൂൾ; ബയേണിനും ആർസനലിനും തകർപ്പൻ ജയം
61ാം മിനിറ്റിൽ മാക് അലിസ്റ്ററാണ് ലിവർപൂളിനായി ഗോൾ നേടിയത്.
ലണ്ടൻ: ചാമ്പ്യൻസ് ലീഗിലെ നാലാം റൗണ്ട് മത്സരത്തിൽ അടിതെറ്റി റയൽമാഡ്രിഡും പിഎസ്ജിയും. സ്വന്തം തട്ടകമായ ആൻഫീൽഡിൽ എതിരില്ലാത്ത ഒരുഗോളിന് ലിവർപൂളാണ് റയലിനെ തോൽപ്പിച്ചത്. 61ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡ്ഡറിലൂടെ അർജന്റൈൻ താരം അലെക്‌സിസ് മാക് അലിസ്റ്ററാണ് ലക്ഷ്യംകണ്ടത്.
മറ്റൊരു മത്സരത്തിൽ ലൂയിസ് ഡയസിന്റെ ഇരട്ടഗോൾ മികവിൽ നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബയേൺമ്യൂണിക് കീഴടക്കി. 4,32 മിനിറ്റുകളിൽ ലൂയിസ് ഡയസ് വലചലിപ്പിച്ചു. 74ാം മിനിറ്റിൽ ജോ നവസിലൂടെ പിഎസ്ജി ഒരു ഗോൾ തിരിച്ചടിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് സ്ലാവിയ പ്രഹയ്‌ക്കെതിരെയായിരുന്നു ആർസനലിന്റെ ജയം. മിക്കേൽ മെറീന(46,68) ഇരട്ടഗോൾ നേടി. പെനാൽറ്റിയിലൂടെ ബുക്കായ സാക്കയാണ് മറ്റൊരു ഗോൾ നേടിയത്. 4-0 മാർജിനിൽ ടോട്ടനം കോപ്പൻഹേഗനേയും അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് യൂണിയൻ സെയിന്റ് ഗില്ലോയിസിനേയും തകർത്തു.