ലെഫ്റ്റ് വിങ് ​പൊസിഷൻ കിട്ടുന്നില്ല; റോഡ്രിഗോ റയൽ വിടുമോ?

Update: 2025-06-28 11:33 GMT
Editor : safvan rashid | By : Sports Desk

ബെർണബ്യൂ മിറാക്കിളുകൾക്ക് പ്രാർത്ഥിച്ചപ്പോൾ പലകുറി അതിന് ഉത്തരം ലഭിച്ചത് അവന്റെ രൂപത്തിലായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിനായി പാരിസിലേക്ക് ടിക്കറ്റെടുത്ത സിറ്റി ആരാധകരുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞവൻ. സാവോപോളോയുടെ തെരുവുകൾ ലോക ഫുട്ബോളിന് നൽകിയ മറ്റൊരു പ്രതിഭ  ‘റോഡ്രിഗോ സിൽവ ഡെ ഗോസ് എന്ന റോഡ്രിഗോ’

കളിക്കുന്നത് ബ്രസീലിനായും റയലിനായും. ഒരു ഫുട്ബോളർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച കോമ്പിനഷേനുകളിലൊന്ന്. പക്ഷേ റോഡ്രിഗോ അതേ ഹൈപ്പിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. അത് റോഡ്രിഗോയുടെ സഹതാരമായ ജൂഡ് ബെല്ലിങ്ഹാം പോലും സമ്മതിക്കും. റോഡ്രിഗോ തികച്ചും അണ്ടർറേറ്റഡാണ്. ഞങ്ങളുടെ സ്ക്വാഡിലെ ഏറ്റവും ടാലന്റ്ഡും ഗിഫ്റ്റഡുമായിട്ടുള്ള താരം അവനാണ്- ബെല്ലിങ്ഹാം ഒരിക്കൽ ഇങ്ങനെ പറഞ്ഞു.

Advertising
Advertising

അത് ശരിയുമാണ്. റൈറ്റ് വിങ്ങിലേക്കും ലെഫ്റ്റ് വിങ്ങിലേക്കും ഫാൾസ് നയണിലേക്കും സെൻട്രൽ അറ്റാക്കിങ് റോളിലേക്കുമെല്ലാം റോഡ്രിഗോക്ക് സ്വിച്ച് ചെയ്യാനാകും. കൂടാതെ ഡ്രിബ്ലിങ് സ്കില്ലുകളും ബാൾ കൺട്രോൾ എബിലിറ്റിയുമുണ്ട്. ബോക്സിലേക്ക് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഓഫ് ദി ബോൾ മൂവ് മെന്റുകൾക്കും പ്രശസ്തൻ. കൂടാതെ സെൽഫിഷല്ലാത്ത ഒരു ടീം െപ്ലയറും.


2018ലാണ് സാന്റോസിൽ നിന്നും റോഡ്രിഗോ മാഡ്രിഡിലെത്തുന്നത്. ബി ടീമിനൊപ്പം തുടങ്ങി അതിവേഗം റയലിലെ സ്ഥിരസാന്നിധ്യമായി. പോയ മൂന്നു സീസണുകളിലുമായി 50 മത്സരങ്ങളിലേറെ റയലിനായി കളിച്ചു. റയൽ ലൈനപ്പിലെ സ്ഥിരം മുഖങ്ങളിലൊന്നായി റോഡ്രിഗോ മാറി. പക്ഷേ പോയ സീസൺ അവസാനത്തോടെ റോഡ്രിഗോ റയലിൽ അസംതൃപ്തതനാണെന്ന വാർത്തകൾ പരന്നുതുടങ്ങി. റൈറ്റ് വിങ്ങിൽ കളിക്കുന്ന തനിക്ക് ലെഫ്റ്റ് വിങ്ങാണ് കൂടുതൽ സ്യൂട്ട് എന്ന് റോഡ്രിഗോ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നു. പക്ഷേ ഇടതുവശമെന്നത് നാട്ടുകാരൻ തന്നെയായ വിനീഷ്യസ് ജൂനിയറിന്റെ കുത്തകയാണ്. വിനീഷ്യസിനെ മാറ്റുമ്പോൾ എംബാപ്പെ ആയിരുന്നു അവിടേക്ക് നിയോഗിക്കപ്പെട്ടത്. ഇതിൽ റോഡ്രിഗോക്ക് പരിഭവമുള്ളതായാണ് പറയപ്പെടുന്നത്.

പോയ സീസണിൽ പല നിർണായക മത്സരങ്ങളിലും റോഡ്രിഗോയുടെ അഭാവം ശ്രദ്ധേയമായിരുന്നു. കോപ്പ ഡെൽറേ ഫൈനലിൽ ചിര വൈരികളായ കറ്റാലൻമാരോട് ഇഞ്ചോടിഞ്ചിൽ മുട്ടുമടക്കുമ്പോൾ റയൽ നിരയിൽ റോഡ്രിഗോ ഉണ്ടായിരുന്നില്ല. താൻ കളിക്കാനുള്ള മാനസിക അവസ്ഥയിലല്ല എന്ന് റോഡ്രിഗോ കാർലോ ആഞ്ചലോട്ടിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. തൊട്ടുപിന്നാലെ സെൽറ്റ വിഗോക്കെതിരായ മത്സരത്തിലും അയാളെക്കണ്ടില്ല. പനിയാണെന്നായിരുന്നു ക്ലബിന്റെ ഉത്തരം. ഒരാഴ്ചക്ക് ശേഷം മറ്റൊരു എൽ ക്ലാസിക്കോക്കായി ബാഴ്സയിലെത്തിയപ്പോൾ ടീമിൽ റോഡ്രിഗോ ഉണ്ടായിരുന്നു. പക്ഷേ കളിച്ചതുമില്ല. പിന്നാലെ റയൽ മയ്യോർക്കക്കെതിരായ മത്സരത്തിന് മുന്നോടിയായി ട്രെയ്നിങ്ങിനിടെ മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ പനിയിൽ നിന്നും പൂർണമായും മുക്തനാകാത്തതിനാലാണ് റോഡ്രിഗോ മടങ്ങിയതെന്ന് ആഞ്ചേലോട്ടി വിശദീകരിച്ചു. ഞാൻ തിരിച്ചുവരുമെന്നും വാർത്തകൾ സൃഷ്ടിക്കേണ്ടെന്നും റോഡ്രിഗോ തന്നെ  സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. തുടർന്നുള്ള ലാലിഗ മത്സരങ്ങളിലും റോഡ്രിഗോയെ കണ്ടില്ല.


റോഡ്രിഗോ റയൽ വിടുമെന്ന തരത്തിൽ അന്തരീക്ഷത്തിലുണ്ടായിരുന്ന റൂമറുകൾക്ക് ഇൗ സംഭവ വികാസങ്ങളെല്ലാം എരിവ് പകർന്നു. റയൽ വിടുകയാണെങ്കിൽ ഈ ബ്രസീലിയൻ എങ്ങോട്ട് പോകും​?. വെറും 24 വയസ്സ് മാത്രം പ്രായമുള്ള റോഡ്രിഗോയെ വാങ്ങാൻ ആൾ റെഡിയാണ്. അതിൽ ഏറ്റവും പ്രധാനമായും കേൾക്കുന്നത് ആഴ്സണലിന്റെ പേരാണ്. ആഗ്രഹിക്കുന്ന ഇടതുപൊസിഷനിൽ തന്നെ എമിറേറ്റ്സിൽ ലാൻഡ് ചെയ്യാൻ റോഡ്രിഗോക്കാകും. ഗണ്ണേഴ്സിനായി ഇടതുവശത്ത് കളിക്കുന്ന മാർട്ടിനലിയിലോ ട്രൊസാർഡിലോ ടീമിന് പൂർണ തൃപ്തിയില്ല. റൈറ്റ് വിങ്ങിലുള്ള ബുക്കായോ സാക്കക്കൊപ്പം റോഡ്രിഗോ കൂടി ചേർന്നാൽ അതൊരു ഗെയിം ചേഞ്ചിങ്ങായിരിക്കുമെന്ന് അവർ കരുതുന്നു. നീക്കോ വില്യംസ് ബാഴ്സയിലേക്കെന്ന് കനത്ത സൂചനകൾ ഉള്ളതിനാൽ റോഡ്രിഗോയിൽ തന്നെ അവർ തൂങ്ങാൻ സാധ്യതയയേറെയാണ്.

കരാർ പ്രകാരം റോഡ്രിഗോക്ക് റയലിൽ മൂന്ന് വർഷങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ 90 മില്യൺ പൗണ്ടോളമാണ് അവർ റോഡ്രിഗോക്ക് ടാഗ് പതിപ്പിച്ചിട്ടുള്ളത്. അതിനിടയിൽ റോഡ്രിഗോ സിറ്റിയിലേക്ക് എന്ന വാർത്തകളുണ്ടെങ്കിലും സിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിക്കുന്നു. ചെൽസി, ബയേൺ എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്.


ക്ലബ് ലോകകപ്പിനായി അമേരിക്കയിലുള്ള റയൽ സംഘത്തിൽ റോഡ്രിഗോയുണ്ട്. അൽഹിലാലുമായുള്ള ആദ്യ മത്സരത്തിൽ ഗോൺസാലോ ഗാർഷ്യയുടെ ഗോൾ പിറന്നത് റോഡ്രിഗോയുടെ അസിസ്റ്റിലാണ്. എന്നാൽ പിന്നാലെ പച്ചൂക്കക്കെതിരായ മത്സരത്തിൽ റോഡ്രിഗോയെ കണ്ടതുമില്ല.മത്സരത്തിന് പിന്നാലെ റോഡ്രിഗോ തന്റെ ടീമിന്  വേണ്ടപ്പെട്ടവൻ ആണെന്നാണ് സാബി പറഞ്ഞത്. അവൻ തനിക്ക് യോജിച്ചവനാണ് എന്ന പറഞ്ഞ സാബി ടെക്നിക്കൽ കാരണങ്ങളാലാണ് മാറ്റിനിർത്തിയതെന്നും പറഞ്ഞു. സാൽസ്ബർഗിനെതിരായ മത്സരത്തിൽ സബ്സ്റ്റ്യൂട്ട് റോളിലാണ് കളിപ്പിച്ചത്. സാബി കോച്ചായതിന് ശേഷമുള്ള ആദ്യ ട്രെയിനിങ് സെഷന് ശേഷം ഹാപ്പി എന്ന് റോഡ്രിഗോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. റോഡ്രിഗോയുടെ ഭാവി എന്താകും? പുതിയതട്ടകത്തിൽ പോകുമോ അതോ വാർത്തകളെയെല്ലാം കാറ്റിൽ പറത്തി റയലിൽ തന്നെ തുടരുമോ? ക്ലബ് റയലാണ്.എന്തു സംഭവിക്കാം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News