ഇസ്രായേൽ യോഗ്യത നേടിയാൽ സ്‌പെയ്ൻ ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ട്
ഇസ്രായേലിനെതിരെ നിലപാട് കടുപ്പിക്കാൻ സ്പാനിഷ് ഭരണകൂടം
മാഡ്രിഡ് : 2026 ഫുട്‍ബോൾ ലോകകപ്പിന് ഇസ്രായേൽ യോഗ്യത നേടിയാൽ സ്‌പെയിനിനെ ലോകകപ്പിന് അയക്കണമോയെന്ന് ആലോചിക്കുമെന്ന് സ്പാനിഷ് ഭരണകൂടം. അടുത്ത വർഷം ജൂണിലാണ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ വേദിയാവുന്ന ലോകകപ്പ് അരങ്ങേറുന്നത്. നിലവിൽ ആദ്യ രണ്ട് യോഗ്യത റൗണ്ട് മത്സരങ്ങളും വിജയിച്ച സ്‌പെയ്ൻ ടൂർണമെന്റിലെ കിരീട ഫേവറേറ്റുകൾ കൂടിയാണ്.
നോർവേയും ഇറ്റലിയുമുള്ള ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇസ്രായേൽ. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാവുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേയ് ഓഫിലൂടെയും യോഗ്യത ഉറപ്പാക്കാൻ അവസരമുണ്ട്.
റഷ്യയെ വിലക്കിയ പോലെ ഇസ്രായേലിനെയും കായിക മത്സരങ്ങളിൽ നിന്ന് വിലക്കണെമെന്നാവശ്യവുമായി സ്പാനിഷ് പ്രധാന മന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ ലോകകപ്പിൽ പങ്കെടുപ്പിക്കുന്നതിൽ വീണ്ടും ആലോചിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.