സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിന് പുറത്തേക്ക്, പകരം ക്യാപ്റ്റനെ തിരക്കി ബിസിസിഐ

Update: 2026-06-03 17:35 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി: ഇന്ത്യൻ ടി 20 ടീം നായകൻ സൂര്യകുമാർ യാദവിനെ പുറത്താക്കിയെന്ന് ദേശീയ മാധ്യമങ്ങൾ. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് മൂന്ന് മാസം തികയും മുമ്പാണ് ബിസിസ​ിഐയുടെ നിർണായക നീക്കം. മോശം ഫോമും പ്രായവും മുൻനിർത്തി പുതിയൊരു ക്യാപ്റ്റനെ കണ്ടെത്താനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ നിന്നും സൂര്യകുമാറിനെ മാറ്റിനിർത്തിയേക്കും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ​മോശം ഫോമിലാണ് സൂര്യകുമാർ. 2026 ഐ.പി.എല്ലിൽ 13 ഇന്നിങ്സുകളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് താരം നേടിയത്. ക്യാപ്റ്റനാകുന്നതിന് മുൻപ് 43.60 ആയിരുന്ന അദ്ദേഹത്തിന്റെ ടി20 ബാറ്റിങ് ശരാശരി 25.88 ലേക്ക് താഴ്ന്നിരുന്നു.

Advertising
Advertising

സൂര്യകുമാറിന് പകരം ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ശ്രേയസ് അയ്യർക്കാണ്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ മികച്ച രീതിയിൽ നയിച്ച ശ്രേയസിനൊപ്പം ആർ.സി.ബിയെ കിരീടത്തിലേക്ക് നയിച്ച രജത് പാടീദാറും സെലക്ടർമാരുടെ പരിഗണനയിലുണ്ട്.സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരു​ടെ പേരും ഉയരുന്നുണ്ട്.

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി മിന്നും പ്രകടനം പുറത്തെടുത്ത 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കാൻ സെലക്ടർമാർക്ക് താല്പര്യമുണ്ട്. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ എന്നിവരടങ്ങുന്ന ടോപ് ഓർഡറിലേക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ സൂര്യവംശിയെ ഉൾപ്പെടുത്തിയേക്കും. പരിക്കും ഫോമില്ലായ്മയും നേരിടുന്ന ഹാർദിക് പാണ്ഡ്യയുടെ സ്ഥാനവും സംശയത്തിലാണ്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News