റിച്ചാര്‍ഡ് ടോവ ഗോകുലം കേരള എഫ്.സി പുരുഷ ടീമിന്റെ പുതിയ പരിശീലകന്‍

ഹെഡ് മാസ്റ്റര്‍ എന്ന തലക്കെട്ടോടെയാണ് 52 കാരനായ റിച്ചാര്‍ഡിനെ ഗോകുലം സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്.

Update: 2022-07-05 15:57 GMT
Editor : rishad | By : Web Desk

കോഴിക്കോട്: മുന്‍ കാമറൂണ്‍ ദേശീയ ടീം താരവും, കാമറൂണ്‍ യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാര്‍ഡ് ടോവ ഗോകുലത്തിന്റെ പുരുഷ ടീം പരിശീലകനായി ചുമതലയേറ്റു. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നെസെയ്ക്ക് പകരക്കാരനായാണ് റിച്ചാർഡ് ഗോകുലത്തിന്‍റെ അമരത്ത് എത്തുന്നത്.

കാമറൂണിന്‍റെ ദേശീയ ടീമിലെ ശ്രദ്ധേയരായ കളിക്കാരിൽ ഒരാളായിരുന്നു റിച്ചാർഡ്. കാമറൂണിനെ 1990 ലോകകപ്പ് യോഗ്യത നേടാൻ സഹായിക്കുന്നതിൽ റിച്ചാർഡ് ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാൽ പരിക്ക് കാരണം അദ്ദേഹത്തിന് ലോകകപ്പിൽ കളിക്കാനായില്ല. കളിയിൽ നിന്ന് വിരമിച്ച ശേഷം, റിച്ചാർഡ് ജർമ്മനിയിലെ പ്രശസ്തമായ ഫോർച്യൂൺ ഡ്യൂസൽഡോർഫിന്‍റെ യൂത്ത് ടീമിന്‍റെ പരിശീലക വേഷം ഏറ്റെടുത്തു. ജർമ്മനിയിലെയും കാമറൂണിലെയും വിവിധ ക്ലബുകളിൽ പ്രവർത്തിച്ചിട്ടുള്ള റിച്ചാർഡ് കാമറൂണിന്‍റെ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

Advertising
Advertising

'ഗോകുലത്തില്‍ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ടു ലീഗ് നേടിയ ഗോകുലത്തിനോടൊപ്പം ഇനിയും വിജയങ്ങള്‍ നേടുകയാണ് ലക്ഷ്യം-റിച്ചാര്‍ഡ് ടോവ പറഞ്ഞു. പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും റിച്ചാര്‍ഡ് പ്രഗത്ഭനാണെന്നും പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി കിരീടങ്ങള്‍ സ്വന്തമാക്കാന്‍ റിച്ചാര്‍ഡിന്റെ തന്ത്രങ്ങള്‍ക്ക് സാധിക്കുമെന്നും ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി സി പ്രവീണ്‍ വ്യക്തമാക്കി.

അവസാന രണ്ടു സീസണായി ഗോകുലം കേരളക്കൊപ്പം ഉണ്ടായിരുന്ന അന്നെസെ കഴിഞ്ഞ മാസം ക്ലബ് വിട്ടിരുന്നു. ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയാണ് അന്നെസെ പടിയിറങ്ങുന്നത്. ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുക എന്നതാവും ടോവയുടെ മുന്നിലുള്ള ലക്ഷ്യം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News