യുവേഫ ചാമ്പ്യന്‍സ് ലീഗ് ഡ്രോ ഇന്ന് മൊണാകോയില്‍ നടക്കും
മൊണാകോ : ബുധനാഴ്ച പ്ലേയോഫ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 36 ടീമുകള്‍ ഇന്ന് മൊണാകോയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ പങ്കെടുക്കും. ഒന്‍പത് ടീമുകള്‍ വീതമുള്ള നാല് പോട്ടുകളിലായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്. സെപ്തംബര്‍ മുതല്‍ ജനുവരി വരെയാണ് ലീഗ് മത്സരങ്ങള്‍. ആദ്യ ഘട്ട മത്സരങ്ങള്‍ സെപ്തംബര്‍ 16 മുതല്‍ 18 വരെ യാണ് നടക്കുക. അവസാന മത്സര ദിനമായ ജനുവരി 28 ന് 18 മത്സരങ്ങള്‍ ഒരേ സമയത്തായിരിക്കും നടക്കുക
പുത്തന്‍ രീതിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പതിപ്പാണ് നടന്നുകൊണ്ടിരിക്കുകയാണ്.പുതിയ രീതിയില്‍ പരമ്പരാഗത ഗ്രൂപ്പ് സ്റ്റേജിനു പകരമായി പ്ലേയോഫില്‍ നിന്ന് യോഗ്യത നേടുന്ന ടീമുകള്‍ ഉള്‍പ്പെടുന്ന ഒറ്റ ലീഗ് ആണ് ഉള്ളത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെയും യൂറോപ്പ ലീഗിലെയും ചാമ്പ്യന്‍മാരും ആറ് ആഭ്യന്തര ലീഗ് വിജയികളുമാണ്് ആദ്യ പോട്ടില്‍ ഉള്‍പ്പെടുന്നത്. യുവേഫ കോയഫിഷ്യന്റ് റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് സീസണുകളിലെ പ്രകടനം നോക്കിയാണ് രണ്ടു മുതല്‍ നാലു വരെയുള്ള പോട്ടുകളില്‍ ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ മത്സരിച്ച 16 ടീമുകള്‍ മാത്രമാണ് ഇത്തവണ യോഗ്യത നേടിയിട്ടുള്ളത്. ഖസാഖിസ്താന്‍ ക്ലബായ കൈരാത് അല്‍മാറ്റി സ്കോട്ടിഷ് ക്ലബായ സെല്‍റ്റികിനെ അട്ടിമറിച്ച് ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത് പ്ലേയോഫിലെ ശ്രദ്ധേയമായ ഒരു മത്സരമായിരുന്നു. 90 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ യൂണിയന്‍ സെയിന്റ് ഗില്ലോസും, ആദ്യമായി യോഗ്യത നേടിയ മുന്‍ ചെല്‍സി ഡിഫെന്‍ഡര്‍ ഡേവിഡ് ലൂയിസ് കളിക്കുന്ന ക്ലബായ പാഫോസ് എഫ്‌സിയും ശ്രദ്ധയാകര്‍ഷിച്ചു.
ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാനെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി പാരീസ് സെയിന്റ് ജര്‍മനാണ് കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായത്്. ലീഗ് ഘട്ടത്തില്‍ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷമായിരുന്നു പിഎസ്ജിയുടെ കുതിപ്പ്. 1993 ല്‍ മാഴ്‌സെല്ലി കിരീടം നേടിയതിനു ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് ക്ലബാണ് പിഎസ്ജി. കഴിഞ്ഞ സീസണില്‍ കുതിപ്പു നടത്തിയ വമ്പന്‍മാരായ ബാഴ്‌സലോണ, ലിവര്‍പൂള്‍, ആഴ്‌സണല്‍ എന്നിവരെല്ലാം തന്നെ പോരാട്ടത്തിനുണ്ട്.