ബെയ്ലിനെ മറികടന്ന് വിനീഷ്യസ്; റയലിന്റെ ഗോൾവേട്ടക്കാരിൽ 17ാം സ്ഥാനത്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്.

Update: 2025-08-25 15:48 GMT
Editor : Sharafudheen TK | By : Sports Desk

മാഡ്രിഡ്: റയൽ മാഡ്രിഡ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഗരത് ബെയിലിനെ മറികടന്ന് വിനീഷ്യസ് ജൂനിയർ. ക്ലബിനൊപ്പം 107 ഗോൾ പിന്നിട്ട ബ്രസീലിയൻ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാരിൽ 17ാം സ്ഥാനത്തെത്തി. റയൽ ഒവിയെഡോയെ എതിരില്ലാത്ത മൂന്ന് ഗോളിന് റയൽ തോൽപ്പിച്ച മത്സരത്തിൽ ഗോൾ നേടിയതോടെയാണ് വിനീഷ്യസ് നേട്ടം കൈവരിച്ചത്. റയലിനായി 106 ഗോളുകളാണ് ബെയിൽ അടിച്ചുകൂട്ടിയത്. 324 മത്സരങ്ങളിൽ നിന്നാണ് വിനീഷ്യസ് 107 ഗോളുകൾ കണ്ടെത്തിയത്. എന്നാൽ 106 ഗോളുകൾ നേടാൻ ബെയ്ലിന് 258 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. 120 ഗോളുകൾ നേടിയ ജുവാന്റിയോയും 121 ഗോളുകൾ നേടിയ ഗോൺസാലോ ഹിഗ്വയ്നുമാണ് വിനീഷ്യസിന് മുന്നിലുള്ളത്.

Advertising
Advertising

450 ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. ഈ നേട്ടത്തിലെത്താൻ ക്രിസ്റ്റിയാനോക്ക് വേണ്ടിവന്നത് 438 മത്സരങ്ങളായിരുന്നു. 648 കളികളിൽനിന്ന് 354 ഗോളുകൾ നേടിയ ഫ്രഞ്ച് താരം കരീം ബെൻസമയാണ് പട്ടികയിൽ രണ്ടാമത്. 741 കളികളിൽനിന്ന് 323 ഗോളുകൾ നേടിയ സ്പാനിഷ് ഇതിഹാസം റൗളാണ് മൂന്നാമത്.

392 കളികളിൽ 306 ഗോളുകൾ നേടിയ അർജന്റീനൻ ഇതിഹാസം ആൽഫ്രെഡോ ഡി സ്റ്റെഫാനോ, 645 കളികളിൽനിന്ന് 291 ഗോളുകൾ നേടിയ മുൻ സ്പാനിഷ് താരം സാന്റിയ്യാന യഥാക്രമം 4,5 സ്ഥാനങ്ങളിലുണ്ട്. ഇതിഹാസതാരം ഫെറെൻക് പുസ്‌കാസ്, ഹ്യൂഗോ സാഞ്ചസ്, പാകോ ഗെന്റോ, പിർറി, എമിലിയോ ബട്രെഗേനോ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു താരങ്ങൾ.

റയലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് വിനീഷ്യസ് നേരത്തെ സ്വന്തമാക്കിയിരുന്നു. 104 ഗോളുകൾ നേടിയ റൊണാൾഡോ നസാരിയോയെയാണ് താരം മറികടന്നത്. റയൽ ഒവിയെഡോക്കെതിരെ 63ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ വിനീഷ്യസ്, 83ാം മിനിറ്റിൽ എംബാപ്പെ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News