പരിശീലനം പാതിവഴിയിൽ നിർത്തി മെസി കളംവിട്ടതെന്തിന്? കോച്ച് ഗാൾട്ടിയറുമായി എന്താണ് പ്രശ്‌നം?

ഇന്ന് ലിഗ് വണ്ണിൽ റെന്നെയ്‌ക്കെതിരെ പി.എസ്.ജിയുടെ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ മെസിക്കെതിരെ ആരാധകരുടെ പ്രതിഷേധമുണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു

Update: 2023-03-19 17:11 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: പി.എസ്.ജി വിട്ടേക്കുമെന്ന വാർത്തകൾക്കിടെ ടീം പരിശീലന സെഷനിൽനിന്ന് സൂപ്പർ താരം ലയണൽ മെസി വിട്ടുനിന്നത് വാർത്തകളിൽ നിറയുകയാണ്. കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയറുമായുള്ള പിണക്കത്തെ തുടർന്നാണ് താരം കളംവിട്ടതെന്നാണ് പ്രചാരണം. എന്നാൽ, ഇക്കാര്യം മെസിയും പിതാവും ഏജന്റുമായ ജോർജ് മെസി തള്ളിക്കളയുകയും ചെയ്തിരുന്നു.

ഗാൾട്ടിയറിന്റെ പരിശീലനത്തിലും ശൈലിയിലും അസ്വസ്ഥനാണ് സൂപ്പർതാരമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച(മാർച്ച് 14) പി.എസ്.ജിയുടെ ട്രെയിനിങ് കേന്ദ്രമായ ക്യാംപ് ഡെസ് ലോഗസിൽ നടന്ന പരിശീലനത്തിനിടെ മെസി കളംവിട്ടത് ഇതുമായി ചേർത്താണ് അഭ്യൂഹങ്ങൾ നടക്കുന്നത്. എന്നാൽ, കാലിന് അസ്വസ്ഥത അനുഭവപ്പെട്ടതിനു ശേഷമാണ് പരിശീലനം നിർത്തിയതെന്നാണ് പുതിയ വിവരമെന്ന് സ്പാനിഷ് മാധ്യമമായ 'സ്‌പോർട്ട് ഡോട്ട് ഇ.എസ്' റിപ്പോർട്ട് ചെയ്തു.

നേരത്തെ കളിനിർത്താൻ മെസി അനുമതി തേടുകയും കോച്ച് ഇക്കാര്യം അംഗീകരിക്കുകയും ചെയ്‌തെന്ന് റിപ്പോർട്ടിൽ പറയുന്നു. മെസിയും ഗാൾട്ടിയറും തമ്മിൽ തർക്കം നടന്നതായുള്ള സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഇന്ന് ലിഗ് വണ്ണിൽ റെന്നെയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ മെസി കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. ചാംപ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതിനു പിന്നാലെ ഇന്നത്തെ മത്സരത്തിൽ മെസിക്കെതിരെ പി.എസ്.ജി ആരാധകരുടെ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ടീമിന്റെ നിരാശാജനകമായ പ്രകടനത്തിൽ മെസിയും പ്രതിയാണെന്നാണ് ആരാധകരുടെ പക്ഷം. ചാംപ്യൻസ് ലീഗ് പരാജയത്തിന്റെ ഉത്തരവാദിത്തവും സൂപ്പർതാരത്തിനാണെന്ന നിലപാടിലാണ് ഒരു വിഭാഗം ആരാധകർ.

ഇതിനിടെ താരത്തിന്റെ കരാർ ക്ലബ് പുതുക്കിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തുന്നത്. വമ്പൻതുക ശമ്പളം വാങ്ങിയിട്ട് അതിന്റെ മെച്ചമൊന്നും മൈതാനത്ത് കാണുന്നില്ലെന്നാണ് പി.എസ്.ജി ആരാധകക്കൂട്ടായ്മയായ 'കളക്ടീവ് അൾട്രാസ് പാരിസി'ന്റെ പ്രധാന നേതാക്കൾ പറഞ്ഞത്.

Summary: More explanations emerge after the reports that Lionel Messi leaves PSG training midway

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News