പരിക്ക് ഗുരുതരം: യൂറോയില്‍ ഡെംബെലെയില്ലാതെ ഫ്രാന്‍സ്

വിശദമായ പരിശോധനയില്‍ യൂറോ കപ്പിന് മുന്‍പായി താരത്തിന് കളത്തിലിറങ്ങാനാകില്ലെന്ന് വ്യക്തമായി

Update: 2021-06-21 13:34 GMT
Editor : Suhail | By : Web Desk
Advertising

യൂറോ കപ്പില്‍ ഫ്രാന്‍സിന് തിരിച്ചടിയായി ഡെംബെലെയുടെ പരിക്ക്. ഹംഗറിക്കെതിരായ മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ് പുറത്തുപോയ ബാഴ്‌സ വിങ്ങറിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളത്തിലിറങ്ങാനാകില്ല. ഇതോടെ ഒസ്മാന്‍ ഡെംബെലെയ്ക്ക് ടൂര്‍ണമെന്‍റ് നഷ്ടമാകുമെന്ന കാര്യം ഉറപ്പായി. യൂറോയില്‍ കരുത്തരായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ചിരുന്നു ഹംഗറി.

ഹംഗറിക്കെതിരായ മത്സരത്തില്‍ അഡ്രിയാന്‍ റാബിയോടിക്ക് പകരക്കാരനായി ഇറങ്ങിയ താരം മൂന്ന് മിനിറ്റിനകം തന്നെ പരിക്കേറ്റ് കളം വിടുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ യൂറോ കപ്പിന് മുന്‍പായി താരത്തിന് കളത്തിലിറങ്ങാനാകില്ലെന്ന് വ്യക്തമായതായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു.

ബൊറൂസിയ ഡോര്‍ഡ്മുണ്ടില്‍ നിന്നും ബാഴ്സിലോണയിലെത്തിയ ഒസ്മാന്‍ ഡെംബെലെ കരിയറിലുടനീളം പരിക്കിന്‍റെ പിടിയിലായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി ഈ സീസണില്‍ 44 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം പതിനൊന്ന് ഗോളുകളാണ് ബാഴ്സക്കായി നേടിയത്. നേരത്തെ, യൂറോയില്‍ ഹംഗറിക്കെതിരായ മത്സരം ഫ്രാന്‍സ് 1-1 ന് സമനിലയില്‍ പിരിയുകയാണുണ്ടായത്.

ടൂര്‍ണമെന്റിലെ മരണ ഗ്രൂപ്പായ ഗ്രൂപ് എഫിലാണ് ഫ്രാന്‍സ്. ആദ്യ മത്സരത്തില്‍ ജര്‍മനിയോട് സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ ജയിച്ച ഫ്രാന്‍സിന് അടുത്ത എതിരാളികള്‍ പോര്‍ച്ചുഗലാണ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 12: 30 നാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News