റൺമലക്ക് മുന്നില്‍ വീണ് ലഖ്‌നൗ; ഗുജറാത്തിന് കൂറ്റൻജയം

മോഹിത് ശര്‍മക്ക് നാല് വിക്കറ്റ്

Update: 2023-05-07 14:08 GMT
Advertising

അഹ്മദാബാദ്: ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ ജയം. 56 റൺസിനാണ് ഗുജറാത്ത് ലഖ്‌നൗവിനെ തകർത്തത്. ലഖ്‌നൗവിനായി ഓപ്പണർമാരായ ക്വിന്റൺ ഡീക്കോക്കും കെയിൽ മെയേഴ്‌സും പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ഡിക്കോക്ക് 70 റൺസെടുത്തപ്പോൾ മെയേഴ്‌സ് അർധസെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ വീണു. ലഖ്‌നൗവിനായി മോഹിത് ശർമ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഡീക്കോക്കും മെയേഴ്‌സും ചേർന്ന് മികച്ച തുടക്കമാണ് ലഖ്‌നൗവിന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്തു. കെയിൽ മെയേഴ്‌സിനെ റാഷിദ് ഖാന്റെ കയ്യിലെത്തിച്ച് മോഹിത് ശർമയാണ് ലഖ്‌നൗവിന് ആദ്യ ബ്രേക് ത്രൂ നൽകിയത്. പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നാലോവറിൽ 29 റൺസ് വഴങ്ങിയാണ് മോഹിത് ശർമ നാല് വിക്കറ്റ് വീഴ്ത്തിയത്.

നേരത്തേ ടോസ് നേടിയ ലഖ്‌നൗ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും അർധസെഞ്ച്വറികളുമായി കളംനിറഞ്ഞപ്പോൾ  ഗുജറാത്ത്  കൂറ്റൻ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. വൃദ്ധിമാൻ സാഹ 43 പന്തിൽ നാല് സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 81 റൺസെടുത്തപ്പോൾ ഗിൽ 51 പന്തിൽ ഏഴ് സിക്‌സിന്‍റേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 94 റൺസെടുത്ത് പുറത്താവാതെ നിന്നു. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

. ഗുജറാത്തിനായി ഓപ്പണർമാരായിറങ്ങിയ ഗില്ലും സാഹയും ഇന്നിങ്‌സിന്റെ തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 13ാം ഓവറിൽ വൃദ്ധിമാൻ സാഹയെ ആവേശ് ഖാൻ മങ്കാദിന്റെ കയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 15ാം ഓവറിൽ മൊഹ്‌സിൻ ഖാന് മുന്നിൽ വീണു. പിന്നീടെത്തിയ ഡേവിഡ് മില്ലറുമായി ചേർന്ന് ഗിൽ ഗുജറാത്ത് സ്‌കോർ 200 കടത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News