സഞ്ജുവിനെ ചൊറിഞ്ഞ് പാണ്ഡ്യ; കൂളായി നിലയുറപ്പിച്ച് ക്യാപ്റ്റൻ കൂൾ, വീഡിയോ വൈറൽ

പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായി രാജസ്ഥാന്‍ പതറി നില്‍ക്കേയാണ് പാണ്ഡ്യ സഞ്ജുവിനരികിലെത്തി സ്ലെഡ്ജ് ചെയ്തത്

Update: 2023-04-17 11:25 GMT

Sanju Samson

Advertising

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം കൈവിട്ടു പോയൊരു മത്സരം മികച്ചൊരു തിരിച്ചുവരവിൽ ഒരിക്കൽ കൂടി രാജസ്ഥാന്റെ കയ്യിൽ ഭദ്രമാകുമ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം കയ്യടിച്ചത് സഞ്ജു സാംസൺ എന്ന  നായകനാണ്. 55 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ രാജസ്ഥാനെ ഷിംറോൺ ഹെറ്റ്‌മെയറെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ രക്ഷാപ്രവർത്തനമാണ് വിജയതീരമണച്ചത്.  ഇരുവരുടെയും അർധശതകത്തിന്റെ പിൻബലത്തിൽ ഗുജറാത്ത് ഉയർത്തിയ 177 റൺസ് മൂന്ന് വിക്കറ്റും നാല് ബോളും ബാക്കി നില്‍ക്കേ രാജസ്ഥാൻ മറികടന്നു.

മത്സരത്തില്‍ മറ്റ് ചില കാഴ്ചകളും അരങ്ങേറി. കളിക്കിടെ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യാന്‍ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ എത്തി. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായി രാജസ്ഥാന്‍ പതറി നില്‍ക്കേയാണ് പാണ്ഡ്യ സഞ്ജുവിനടുത്തെത്തി എന്തോ ചെവിയില്‍ പറഞ്ഞത്. പാണ്ഡ്യ പറഞ്ഞത് ഇഷ്ടമായില്ലെന്ന്  സഞ്ജുവിന്‍റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു എങ്കിലും സഞ്ജു തിരിച്ചൊന്നും പറയാതെ നടന്നു നീങ്ങി. പിന്നീട് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കത്തിക്കയറുന്ന സഞ്ജുവിനെയാണ് ആരാധകര്‍ കണ്ടത്. സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യുന്ന പാണ്ഡ്യയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. മത്സരത്തില്‍ സഞ്ജുവിന്‍റെ തോളിലേറി  രാജസ്ഥാന്‍ വിജയിക്കുകയും ചെയ്തതോടെ ഹര്‍ദിക് പാണ്ഡ്യക്കെതിരെ വ്യാപകമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. ഏഴ് ബോൾ നേരിട്ട ഓപ്പണർ ജെയിസ്വാൾ ഒരു റൺസിനാണ് കൂടാരം കയറിയത്. ജോസ് ബട്ട്‌ലറിനെ ഷമി പൂജ്യത്തിൽ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും സഞ്ജുവും ചേർന്ന് ടീമിനെ പതുക്കെ കരകയറ്റാൻ ശ്രമം ആരംഭിച്ചു. എന്നാൽ ടീം 47 ൽ നിൽക്കെ പടിക്കൽ കളി മതിയാക്കി. അഞ്ച് റൺസെടുത്ത് പരാഗും കൂടാരം കയറി. പക്ഷേ നായകൻ സഞ്ജു ടീമിന് ആത്മവിശ്വാസം നൽകി ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 32 പന്തിൽ മൂന്ന് ഫോറും ആറ് സിക്‌സറുകളും അടിച്ച് 60 റൺസിൽ നിൽക്കെ നൂർ അഹമദിന്റെ ബോളിൽ സഞ്ജു വീണതോടെ രാജസ്ഥാൻ തോൽവി മണത്തു.

എന്നാൽ അവിടെ രക്ഷകനായി അവിടെ ഹെറ്റ്‌മെയർ അവതരിച്ചു. അയാൾ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പിച്ചു തന്നെ ബാറ്റ് വീശി. ഇതിനെടെ ദ്രുവ് ജുറലും അശ്വിനും വന്നുപോയെങ്കിലും ഹെറ്റ്‌മെയർ രാജസ്ഥാന് മറ്റൊരു ജയം സമ്മാനിച്ചു. 26 പന്തിൽ രണ്ട് ഫോറിന്റെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 56 റൺസാണ് ഹെറ്റ്‌മെയർ അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി ഷമി മൂന്ന് വിക്കറ്റും റാഷിദ് ഖാൻ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഹർദിക് പാണ്ഡ്യ നൂർ അഹമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News