''സഞ്ജുവിന്‍റെ കളി ലോകം കാണാന്‍ പോകുന്നതേ ഉള്ളൂ...''; പറയുന്നത് മുന്‍ പരിശീലകന്‍

വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍.

Update: 2023-06-19 15:51 GMT

സഞ്ജുവിന്‍റെ ബാറ്റിങ്

Advertising

സഞ്ജു സാംസണിന്‍റെ മികച്ച പ്രകടനം ലോകം കാണാന്‍ പോകുന്നതേ ഉള്ളൂവെന്ന് മുന്‍ പരിശീലകനായ ബിജു ജോര്‍ജ്. വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍. എന്ത് തന്നെയായാലും സഞ്ജു ആരാധകര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്ന വാക്കുകളാണ് സഞ്ജുവിന്‍റെ ബാല്യകാല പരിശീലകന്‍ കൂടിയായ ബിജു ജോര്‍ജിന്‍റേത്.

സഞ്ജു സ്വാഭാവികമായ ഗെയിം പുറത്തെടുക്കണമെന്നും ഐ.പി.എല്ലിലടക്കം മൂന്നാം നമ്പര്‍ പൊസിഷനില്‍ കളിച്ച സഞ്ജുവിന് വ്യക്തിഗത നേട്ടങ്ങളേക്കാള്‍ കൂടുതല്‍ ടീമിന്‍റെ പ്രകടനത്തിന് മുന്‍തൂക്കം കൊടുക്കേണ്ടി വന്നതാണ് ബിഗ് സ്കോറുകള്‍ ഉണ്ടാകാതെ പോയതിന് കാരണമെന്നും ബിജു ജോര്‍ജ് പറയുന്നു.

''ആക്രമിച്ച് കളിക്കുകയെന്നതാണ് സഞ്ജുവിന്‍റെ രീതി. അത് തന്നെ തുടരണം. കാരണം സഞ്ജുവിന് ഇത്രത്തോളം ആരാധകരെ ഉണ്ടാക്കികൊടുത്തത് ഈ ആക്രമണോത്സുക ശൈലിയാണ്. ഏത് പൊസിഷനില്‍ ഇറങ്ങേണ്ടി വന്നാലും അതേ മനോനില തുടരാന്‍ കഴിയണം''. ബിജു ജോര്‍ജ് പറഞ്ഞു.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ സഞ്ജു സ്വന്തം കളിയില്‍ വിശ്വസിക്കണം. സ്വതസിദ്ധമായ ആക്രമണോത്സുക ശൈലിയില്‍ കളിക്കണം. അങ്ങനെയുള്ളപ്പോള്‍ ഏത് ബൗളര്‍ക്കെതിരെയും ആധിപത്യം നേടാന്‍ അവന് സാധിക്കും. ഇതുവരെ യഥാര്‍ഥ സഞ്ജുവിന്‍റെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തുവന്നിട്ടില്ല. ഇനിയുള്ള മൂന്ന് വര്‍ഷങ്ങള്‍ സഞ്ജുവിന് നിര്‍ണായകമാണ്. സഞ്ജുവിന്‍റെ കഴിവ് എന്താണെന്ന് ലോകം കാണാന്‍ പോകുന്നേ ഉള്ളൂ...''.ബിജു ജോര്‍ജ് പറഞ്ഞു.

ഏകദിന ലോകകപ്പിന് മുന്‍പുള്ള ടീം ഇന്ത്യയുടെ അവസാന വിദേശ പരമ്പരയാണ് വിന്‍ഡീസിലേത്. പിന്നീട് വരുന്നത് ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റാണ്. പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വെച്ചാകും നടക്കുക. ഒരുപക്ഷേ ലോകകപ്പിനും ഏഷ്യാ കപ്പിനുമായി ഒരുങ്ങുന്ന ഇന്ത്യന്‍ സ്ക്വാഡില്‍ ഏതൊക്കെ യുവതാരങ്ങള്‍ ഇടംപിടിക്കുമെന്നതും വിന്‍ഡീസ് പരമ്പരയെ ആശ്രയിച്ചിരിക്കും.

രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പരക്കാണ് ഇന്ത്യ കരീബിയന്‍ ദ്വീപിലെത്തുന്നത്. ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ കൂടുതല്‍ യുവതാരങ്ങളെ പരിഗണിക്കാന്‍ സാധ്യത ഏറെയാണ്. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും അര്‍ഷ്ദീപ് സിങ്ങുമുള്‍പ്പെടുന്ന യുവതാരങ്ങളെ വിന്‍ഡീസ് പര്യടനത്തിന് ബി.സി.സി.ഐ അയക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂണ്‍ 27നാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. ജൂലൈ 12ന് നടക്കുന്ന ടെസ്റ്റോട് കൂടിയാകും പരമ്പര തുടങ്ങുക.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News