'ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് അനുകൂലമായി പിച്ചൊരുക്കി'; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്

'കോച്ച് രാഹുല്‍ ദ്രാവിഡിന്‍റേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ക്യൂറേറ്റര്‍മാര്‍ പിച്ചില്‍ കൃത്രിമത്വം നടത്തിയത്'

Update: 2024-03-17 12:32 GMT
Advertising

ലോകകപ്പ് കലാശപ്പോരില്‍ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യക്കായി കൃത്രിമം നടത്തിയെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കോച്ച് രാഹുല്‍ ദ്രാവിഡിന്‍റേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ക്യൂറേറ്റര്‍മാര്‍ പിച്ചില്‍ കൃത്രിമം നടത്തിയതെന്ന് കൈഫ് പറഞ്ഞു. ലോകകപ്പ് കലാശപ്പോര് കഴിഞ്ഞ് നാല് മാസം പിന്നിടും മുമ്പേയാണ് കൈഫിന്‍റെ ഗുരുതര ആരോപണം. 

'മൂന്ന് ദിവസം ഞാനവിടെ ഉണ്ടായിരുന്നു. ഫൈനലിന് മുമ്പ് തുടർച്ചയായി മൂന്ന് ദിവസം രോഹിത് ശർമയും രാഹുൽ ദ്രാവിഡും ഇടക്കിടെ വന്ന് പിച്ച് പരിശോധിക്കാറുണ്ടായിരുന്നു. ഒരു മണിക്കൂറോളം അവർ പിച്ചിന്റെ പരിസരത്ത് തന്നെ നിലയുറപ്പിക്കാറുണ്ട്. പിന്നീട് പിച്ചിന്റെ നിറം മാറുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

പിച്ച് നനക്കുകയോ ട്രാക്കിൽ പുല്ലൊരുക്കുകയോ ചെയ്തിരുന്നില്ല. ഓസീസിന് സ്ലോ ട്രാക്ക് നൽകലായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ആര് വിശ്വസിച്ചില്ലെങ്കിലും ഇതാണ് സത്യം. ക്യൂറേറ്റർമാരെ സ്വാധീനിക്കാൻ നമ്മളാരും ശ്രമിച്ചില്ല എന്നാണ് പലരും പറയുന്നത്. എന്നാൽ അത് അസംബന്ധമാണ്. നമ്മൾ ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് എന്നതൊക്കെ ശരി തന്നെ. എന്നു വച്ച് എതിരാളികളെ കുഴപ്പിക്കാൻ പിച്ചിൽ ഇങ്ങനെ മാറ്റം വരുത്തുന്നത് ശരിയാണോ?'- കൈഫ് ചോദിച്ചു.

ഫൈനലിലെ പിച്ച് സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ ബി.സി.സി.ഐയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഐ.സി.സി.യുടെ പിച്ച് കൺസൾട്ടന്‍റായ ആൻഡി അറ്റിൻക്‌സണെ മാറ്റി നിർത്തിയത് വലിയ വാർത്തയായിരുന്നു. ഫൈനലിന് തൊട്ടു മുമ്പാണ് അറ്റിൻക്‌സണെ മാറ്റിയത്.  ഇതുയര്‍ത്തിയ വിവാദങ്ങളുടെ ചൂടാറും മുമ്പേയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ ആരോപണം. 

കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ വച്ചരങ്ങേറിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഓസീസിനോട് ഇന്ത്യ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്.. ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ 241 റൺസിന്റെ വിജയലക്ഷ്യമാണ് കങ്കാരുക്കള്‍ക്ക് മുന്നില്‍ ഉയർത്തിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ കങ്കാരുകൾ ലക്ഷ്യം മറികടന്നു. ആസ്‌ട്രേലിയയുടെ ആറാം കിരീടനേട്ടമായിരുന്നു അത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News