മെസ്സിയെ തുപ്പി പരാഗ്വൻ താരം; ലിയോയുടെ മറുപടി ഇങ്ങനെ

ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് വിവാദ സംഭവം

Update: 2023-10-15 12:45 GMT
Advertising

കഴിഞ്ഞ ദിവസം പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത അര്‍ജന്‍റീന ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ വിജയക്കുതിപ്പ് തുടരുകയാണ്. നിക്കോളാസ് ഒട്ടമെന്‍ഡിയാണ് ലോകചാമ്പ്യന്മാര്‍ക്കായി വലകുലുക്കിയത്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സൂപ്പർ താരം ലയണൽ മെസ്സിയുടെ നിറഞ്ഞാട്ടം കണ്ട മത്സരത്തില്‍ താരത്തിന്‍റെ ഗോളെന്നുറപ്പിച്ച രണ്ട് ശ്രമങ്ങളാണ് പാഴായത്.

മത്സരത്തിന് ശേഷം ചിലവിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ തലപൊക്കി. ലയണൽ മെസിക്ക് നേരെ പരാഗ്വെയുടെ മുന്നേറ്റനിര താരം അൻേറാണിയോ സനബ്രിയ തുപ്പിയെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നത്. മെസി ബാഴ്സലോണയിൽ കളിക്കുന്ന കാലത്ത് യുവതാരമായി സനബ്രിയയും സ്പാനിഷ് ക്ലബ്ബിനൊപ്പം ഉണ്ടായിരുന്നു. പരാഗ്വെക്കെതിരായ മത്സരത്തിനിടയിൽ മെസി സനബ്രിയയോട് എന്തോ പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

ഇതില്‍ പ്രകോപിതനായ പരാഗ്വെൻ താരം മെസ്സിക്ക് നേരെ തുപ്പിയെന്നാണ് ആരോപണം. ഒഫീഷ്യൽസിൻെറ ശ്രദ്ധയിലൊന്നും ഇക്കാര്യം പെട്ടിട്ടില്ല. അതിനാൽ തന്നെ മത്സരത്തിനിടയിൽ ഇതൊരു വിഷയമായി മാറുകയും ചെയ്തില്ല. ഇപ്പോഴിതാ കളിക്ക് ശേഷം സംഭവവുമായി ബന്ധപ്പെട്ട് മെസിയുടെ പ്രതികരണവും പുറത്ത് വന്നിരിക്കുകയാണ്.

"'ഡ്രസ്സിങ് റൂമിൽ വച്ച് എന്റെ സഹതാരങ്ങൾ ഈ സംഭവത്തെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. ഈ പ്രശ്‌നത്തെ അവഗണിക്കുന്നതാണ് നല്ലത്. ഈ താരം ആരാണെന്ന് പോലും എനിക്കറിയില്ല. അയാൾക്ക് വലിയ പ്രാധാന്യം കൊടുക്കാനും ഞാൻ ഉദ്യേശിക്കുന്നില്ല. അതിനേക്കുറിച്ച് ഞാൻ അധികം സംസാരിച്ചാൽ അയാളത് ഏറ്റെടുക്കുകയും ഓടി നടന്ന് വിശദീകരണം നല്‍കുകയും ചെയ്യും. അതിന്റെ പേരിൽ അയാള്‍ കൂടുതൽ അറിയപ്പെടും. വെറുതെ ആളുകൾ ചർച്ച ചെയ്ത് വലിയ വിഷയമാക്കുന്നതിനേക്കാൾ നല്ലത് അത് ഒഴിവാക്കുന്നതാണ്," -മെസ്സി പറഞ്ഞു.

മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ ഒരു മനോഹര ഗോളിലൂടെയാണ് നിക്കോളസ് ഒട്ടാമെന്‍ഡി അര്‍ജന്‍റീനയെ മുിന്നിലെത്തിച്ചത്. റോഡ്രിഗോ ഡീപോള്‍ എടുത്ത കോര്‍ണര്‍ കിക്ക് ഒരത്യുഗ്രൻ വോളിയിലൂടെയാണ് ഒട്ടാമെൻഡി വലയിലെത്തിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ യുവതാരം ജൂലിയൻ അൽവാരസിന്റെ പകരക്കാരനായാണ് ലയണൽ മെസ്സി കളത്തിലെത്തിയത്. കളിയില്‍ ഗോളൊന്നും കണ്ടെത്താനായില്ലെങ്കിലും മികച്ച പ്രകടനമാണ് ലിയോ പകരക്കാരന്റെ റോളിലെത്തിയ ശേഷം പുറത്തെടുത്തത്.

സൂപ്പർ താരത്തിന്റെ ഗോളെന്നുറപ്പിച്ചൊരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോകുന്ന കാഴ്ചക്ക് ആരാധകർ സാക്ഷിയായി. കളിക്കാനിറങ്ങി അധികം വൈകാതെ മെസിയെടുത്ത ഒരു കോർണർ കിക്കും ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മിപ്പോയിരുന്നു.

പെറുവിനെതിരെയാണ് ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ അര്‍ജന്‍റീനയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ലയണൽ മെസി സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്. നവംബർ 21ന് അര്‍ജന്‍റീന ചിരവൈരികളായ ബ്രസീലിനെ നേരിടും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News