'മന്ത്രിയുടെ ട്വീറ്റ് കണ്ട് ഞെട്ടി, ജയിച്ചെന്ന വിചാരത്തിലായിരുന്നു'; മത്സരഫലം ചോദ്യം ചെയ്ത് മേരി കോം

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റ് കാണുമ്പോഴാണ് തോറ്റ വിവരം അറിയുന്നത്. ഒളിംപിക്‌സിൽ പരാതി നൽകാൻ അവസരമില്ലാത്തതിനാലാണ് ആ വഴിക്കു നീങ്ങാതിരുന്നതെന്ന് വനിതാ ബോക്‌സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മേരി കോം പ്രതികരിച്ചു

Update: 2021-07-29 16:14 GMT
Editor : Shaheer | By : Web Desk

ഒളിംപിക്‌സ് വനിതാ ബോക്‌സിങ്ങിൽ പ്രീക്വാർട്ടറിൽ പുറത്തായതിനു പിറകെ തോൽവിയിൽ അവിശ്വാസം പ്രകടിപ്പിച്ച് മേരി കോം. താൻ ജയിച്ചുവെന്നാണ് കരുതിയതെന്നും തോറ്റ വിവരം അറിഞ്ഞപ്പോൾ ഞെട്ടിയെന്നും താരം പ്രതികരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റ് കാണുമ്പോഴാണ് തോറ്റ വിവരം അറിയുന്നതെന്നാണ് താരം പറഞ്ഞത്.

മത്സരശേഷം ഉത്തേജകമരുന്ന് പരിശോധനയ്ക്കായി സാംപിൾ നൽകാൻ പോയപ്പോഴും തോറ്റ കാര്യം വിശ്വസിക്കാനായിരുന്നില്ല. ഞാൻ ജയിച്ചിട്ടുണ്ടെന്നാണ് കോച്ച് പറഞ്ഞുകൊണ്ടിരുന്നത്. ജയിച്ചുവെന്നു തന്നെയായിരുന്നു എന്റെ വിചാരം. അപ്പോഴാണ് എന്റെ പരാജയത്തെക്കുറിച്ചുള്ള കിരൺ റിജിജുവിന്റെ ട്വീറ്റ് കാണുന്നത്. അതു കണ്ടതോടെ ഞെട്ടിയിരിക്കുകയായിരുന്നു. എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. ഈ തീരുമാനം വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല-മേരി കോം പ്രതികരിച്ചു.

Advertising
Advertising

ഒളിംപിക്‌സിൽ അപ്പീൽ പോകാൻ അവസരമില്ലാത്തതിനാലാണ് ആ വഴിക്കു നീങ്ങാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഇത് ഒളിംപിക്‌സിലെ മാത്രം കാര്യമല്ലെന്നും ഇതിനു മുൻപും തനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ബോക്‌സിങ് ചാംപ്യൻഷിപ്പിലും സമാനമായ അനുഭവമുണ്ടായതായി മേരി കോം ചൂണ്ടിക്കാട്ടി.

ഒളിംപിക്‌സ് വനിതാ ബോക്സിങ്ങിലെ 48-51 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം. പ്രീക്വർട്ടറിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം കീഴടങ്ങിയത്. 3-2നാണ് വലൻസിയയുടെ ജയം. സ്‌കോർ (3027, 2928, 2730, 2928, 2829).

ആദ്യ റൗണ്ടിൽ വലൻസിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം തിരിച്ചെത്തി. എന്നാൽ നിർണായകമായ മൂന്നാം സെറ്റും ജയവും വലൻസിയ സ്വന്തമാക്കി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേത്രിയാണ് ഇൻഗ്രിറ്റ് വലൻസിയ. ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിലായിരുന്നു ഇതിനുമുൻപുള്ള മത്സരം.

ആറു തവണ ലോകചാംപ്യനായ മേരി കോം ഇത്തവണ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒരാളായിരുന്നു. സ്വർണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ടോക്യോയിലേക്ക് തിരിക്കുംമുൻപെ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നത്. 4-1 എന്ന സ്‌കോറിനാണ് മേരി കോമിന്റെ വിജയം. ലണ്ടൻ ഒളിംപ്കിസിൽ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയ താരം കൂടിയാണ് മേരി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News