ബെർണബ്യൂവിൽ എംബാപ്പെ ഷോ... സിറ്റി തരിപ്പണം

റയലും പി.എസ്.ജിയും ബൊറൂഷ്യയും പ്രീക്വാര്‍ട്ടറില്‍

Update: 2025-02-20 03:31 GMT

മാഡ്രിഡ്: സാന്‍റിയാഗോ ബെർണബ്യൂവിലെ ചാമ്പ്യൻസ് ലീഗ് രാവുകൾ റയൽ ആരാധകർക്ക് എക്കാലവും സമ്മോഹനമായ ഓർമകളാണ് സമ്മാനിച്ചിട്ടുള്ളത്. ഒരിക്കൽ കൂടി അങ്ങനെയൊരു രാവിന്നലെ കൊടിയിറങ്ങി. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തിലും പെപ് ഗാർഡിയോളയുടെ സംഘത്തെ തരിപ്പണമാക്കി രാജകീയമായി റയൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. സൂപ്പർ താരം കിലിയൻ എംബാപ്പെ ഹാട്രിക്കുമായി കളം നിറഞ്ഞ പോരിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. നിക്കോ ഗോൺസാലസാണ് സിറ്റിക്കായി ആശ്വാസ ഗോൾ നേടിയത് . പ്ലേ ഓഫ് ഇരുപാദങ്ങളിലുമായി 6-3 ന്റെ വ്യക്തമായ ലീഡോടെയാണ് റയൽ പ്രീക്വാർട്ടർ പ്രവേശം ഉറപ്പിച്ചത്.

Advertising
Advertising

കളിയാരംഭിച്ച് നാലാം മിനിറ്റിൽ തന്നെ വലകുലുക്കി എംബാപ്പെ ബെർണബ്യൂ ഗാലറിയെ ആവേശക്കൊടുമുടിയേറ്റി. റയല്‍ ഹാഫില്‍ നിന്ന് റൗൾ അസെൻസിയോ നീട്ടി നൽകിയ ലോങ് ബോള്‍ പിടിച്ചെടുത്ത് ഗോൾമുഖത്തേക്ക് കുതിച്ച എംബാപ്പെ എഡേഴ്‌സന്റെ തലക്ക് മുകളിലൂടെ പന്തിനെ വലയിലേക്ക് കോരിയിട്ടു. 33ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പെയുടെ രണ്ടാം ഗോളെത്തിയത്. 61ാം മിനിറ്റിൽ വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് പെനാൽട്ടി ബോക്‌സിലേക്ക് കടന്ന എംബാപ്പെയുടെ ഇടങ്കാലൻ ബുള്ളറ്റ് ഷോട്ട് എഡേഴ്‌സന്റെ വലതുളച്ചു. 92ാം മിനിറ്റിലാണ് സിറ്റിക്കായി നിക്കോ ഗോൺസാലസിന്റെ ആശ്വാസ ഗോളെത്തിയത്. ഒമർ മർമോഷ് തൊടുത്ത ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് റീ ബൗണ്ട് ചെയ്‌തെത്തുന്നു. പോസ്റ്റിന് മുന്നിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഗോൺസാലസിന് പന്തിനെ വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ.

കളിയിൽ പന്തടക്കത്തിൽ സിറ്റിയായിരുന്നു ഒരു പടി മുന്നിലെങ്കിലും മുന്നേറ്റങ്ങളിൽ റയലിന്റെ ആധിപത്യമായിരുന്നു.  എട്ട് ഓൺ ടാർജറ്റ് ഷോട്ടുകളാണ് സിറ്റി ഗോൾമുഖം ലക്ഷ്യമാക്കി റയൽ പായിച്ചത്. സിറ്റിയാവട്ടെ 12 ഷോട്ടുതിർത്തതിൽ നാലെണ്ണം മാത്രമാണ് ഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞത്. പ്രീ ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡോ ബയര്‍ ലെവര്‍കൂസനോ ആവും റയലിന്‍റെ എതിരാളികള്‍. 

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ പി.എസ്.ജി ബ്രെസ്റ്റിനെ ഗോൾമഴയിൽ മുക്കി. എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു പി.എസ്.ജിയുടെ ജയം. മറ്റൊരു ആവേശപ്പോരിൽ യുവന്റസിനെ 3-1 ന് തകർത്ത പി.എസ്.വി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. 4-3 അഗ്രിഗേറ്റ് സ്കോറിലാണ് പി.എസ്.വിയുടെ പ്രീക്വാർട്ടർ പ്രവേശം. ബൊറൂഷ്യ- സ്‌പോർട്ടിങ് മത്സരം സമനിലയിൽ കലാശിച്ചതോടെ ആദ്യ പാദത്തിലെ ലീഡിൽ ബൊറൂഷ്യ റൗണ്ട് ഓഫ് 16 ലേക്ക് മാർച്ച് ചെയ്തു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News