മഞ്ഞക്കടലിരമ്പം കാണാൻ മൂന്നിടത്ത് ബിഗ്‌ സ്‌ക്രീനൊരുക്കി മീഡിയവൺ

എറണാകുളം കലൂർ ജംഗ്ഷനിലും കോഴിക്കോട് മാനാഞ്ചിറയിലുമാണ് മീഡിയവൺ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ആസ്വദിക്കാൻ സൗകര്യമൊരുക്കുക

Update: 2022-03-20 10:30 GMT
Advertising

ഇന്ത്യൻ സൂപ്പർ ലീഗിൽ കന്നിക്കിരീടം നേടാൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലിറങ്ങുന്ന കാഴ്ച കാണാൻ ബിഗ്‌ സ്‌ക്രീനൊരുക്കി മീഡിയവൺ. മലപ്പുറം അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്‌റ്റേഡിയം, എറണാകുളം കലൂർ ജംഗ്ഷൻ, കോഴിക്കോട് മാനാഞ്ചിറ എന്നിവിടങ്ങളിലാണ് മീഡിയവൺ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ആസ്വദിക്കാൻ സൗകര്യമൊരുക്കുക. ഹവായ് എൽഇഡി സ്‌ക്രീൻ, ടൈംസ് സ്‌ക്വയർ ആഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് സ്‌ക്രീനുകൾ സ്ഥാപിച്ചത്. അരീക്കോട് അർകൈസ് സ്റ്റഡി അബ്രോഡ്, ഇംഗ്ലീഷ് ഹൗസ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം.

ള ബ്ലാസ്റ്റേഴ്‌സും ആരാധകരും. കളിക്കു മുമ്പേ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയം മഞ്ഞയിൽ കുളിച്ചു കഴിഞ്ഞു. മുമ്പ് രണ്ട് തവണ കലാശപ്പോരിൽ കാലിടറിയ കൊമ്പൻമാർക്ക് ഇക്കുറി പിഴക്കില്ലെന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ടീം ഫൈനലിൽ പ്രവേശിച്ചു എന്നറിഞ്ഞതും കലാശപ്പോരിന്റെ ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ആരാധകർ. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് മഞ്ഞപ്പട അംഗങ്ങൾ ഗോവയിലെത്തിക്കഴിഞ്ഞു. കലാശപ്പോരിൽ ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജഴ്‌സിയണിയാൻ കഴിയില്ലെങ്കിലും ഫറ്റോർഡ സ്റ്റേഡിയം മഞ്ഞയിൽ കുളിച്ചാടുമെന്നുറപ്പാണ്.

2016 ന് ശേഷം ഇങ്ങോട്ട് ബ്ലാസ്റ്റേഴ്‌സിന് കഷ്ടകാലമായിരുന്നു. എന്നാൽ 2021 ൽ ആരാധകരെ പോലും അമ്പരപ്പിച്ചാണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ടീം ഉയിർത്തെഴുന്നേറ്റത്. ഇവാൻ വുക്കുമാനോവിച്ച് എന്ന സെർബിയക്കാരൻ കോച്ചിന്റെ ചിറകേറി ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു കളിക്കൂട്ടമായി മാറിക്കഴിഞ്ഞു മഞ്ഞപ്പട.

ഫൈനലിൽ ബർതലോമ്യു ഒഗ്ബച്ചെയുടെ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടത്. ഇതിനോടകം ഐ.എസ്.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോളടി യന്ത്രമായി മാറിക്കഴിഞ്ഞ ഒഗ്ബച്ചെ ഈ സീസണിലും ഗോളടി മികവ് തുടരുകയാണ്. 18 തവണയാണ് ഒഗ്ബച്ചെ ഇക്കുറി എതിർ ടീമികളുടെ വലകുലുക്കിയത്. ഒഗ്ബച്ചെയും രണ്ടാം സ്ഥാനത്തുള്ള ഇഗോർ അഞ്ചലോയും തമ്മിലുള്ള വ്യത്യാസം എട്ട് ഗോളുകളുടേതാണ് എന്നോർക്കണം. അതിനാൽ തന്നെ ഒഗ്ബച്ചെ എന്ന ഗോളടി യന്ത്രത്തെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഭയന്നേ മതിയാവൂ.

കന്നിക്കിരീടം തേടിയാണ് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഇന്ന് ഫറ്റോർഡയിൽ ഇറങ്ങുന്നത്. ഹൈദരാബാദ് ആദ്യമായാണ് ഐ.എസ്.എല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടുന്നത്. അതിനാൽ തന്നെ ഇക്കുറി ഐ.എസ്.എല്ലിന്റെ കനകക്കിരീടത്തിൽ ആര് മുത്തമിട്ടാലും അത് ചരിത്രമാവും.

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർതാരം സഹൽ അബ്ദുസ്സമദ് ഇന്ന് കളിക്കാൻ ഇറങ്ങില്ലെന്നതാണ് ആരാധകരെ സങ്കടത്തിലാഴ്തുന്നത്. ക്യാപ്റ്റൻ ലൂണയും ഇന്ന് കളിക്കാനിറങ്ങില്ലെന്ന് ഇന്നലെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് ഇന്ന് ആരാധകർക്ക് ആശ്വാസവാർത്തയാണെത്തുന്നത്. ഇക്കുറി ബ്ലാസ്റ്റേഴ്‌സിൻറെ പടയോട്ടങ്ങളിലൊക്കെ ടീമിൻറെ നിർണായക സാന്നിധ്യമായ ക്യാപ്റ്റൻ ലൂണ കലാശപ്പോരിൽ കളിക്കാനിറങ്ങുമെന്നാണ് അവസാനമായി ലഭിക്കുന്ന റിപ്പോർട്ടുകൾ.

സീസണണിൽ ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ ഇരുടീമുകളും ഓരോ ജയം വീതം നേടി. രാജ്യത്തെ ഫുട്‌ബോൾ ആരാധകരുടെ മുഴുവൻ കണ്ണും മനസ്സും ഇന്ന് രാത്രി ഏഴരക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലേക്ക് തിരിയും. ഇനി അവസാന ചിരി ആരുടേത് എന്നറിയാനുള്ള കാത്തിരിപ്പാണ്. മണിക്കൂറുകളുടെ കാത്തിരിപ്പ്.

MediaOne prepares big screen for Kerala Blasters final match of Indian Super League title at Forda Stadium in Goa

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News