കഴിഞ്ഞ ജനുവരിയില്‍ 279ാം റാങ്കില്‍; ഈ ജനുവരിയില്‍ ഒന്നാമന്‍, വിമര്‍ശകരുടെ വായടപ്പിച്ച് സിറാജ്

ബാറ്റര്‍മാരുടെ ചെണ്ട എന്നടക്കം ഒരു കാലത്ത് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിറാജ് ടീം ഇന്ത്യക്ക് വേണ്ടി സമീകാലത്ത് നടത്തിയ മിന്നും പ്രകടനങ്ങളാണ് റാങ്കിങ്ങില്‍ വന്‍കുതിപ്പുണ്ടാക്കിയത്

Update: 2023-01-26 08:01 GMT

ഇന്‍ഡോര്‍: ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിറകേ റാങ്കിങ്ങിൽ വൻകുതിപ്പാണ് ടീം ഇന്ത്യ നടത്തിയത്. പരമ്പരക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ പരമ്പര വിജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പരമ്പരയിലെ മികച്ച പ്രകടനങ്ങളിലൂടെ താരങ്ങളും  റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് പേസ് ബോളർ മുഹമ്മദ് സിറാജാണ്.

ഏകദിന ബോളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കാണ് സിറാജ് കുതിച്ചെത്തിയത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഒമ്പത് വിക്കറ്റ് നേടിയ സിറാജ്  ന്യൂസിലന്‍റിനെതിരായ ഒന്നാം മത്സരത്തിൽ നാല് വിക്കറ്റുമായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഈ പ്രകടനങ്ങളാണ് സിറാജിന് റാങ്കിങ്ങിൽ വൻ മുന്നേറ്റമുണ്ടാക്കിയത്.  ആസ്ത്രേലിയന്‍ പേസ് ബോളര്‍ ജോഷ് ഹേസല്‍വുഡിനെ പിന്തള്ളിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. സിറാജിന് 729 പോയിന്‍റാണുള്ളത്.കഴിഞ്ഞ ജൂലൈയിൽ ജസ്പ്രീത് ബുംറ ഒന്നാമതെത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ബോളർ ഏകദിന ബോളിങ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.

Advertising
Advertising

2022 ജനുവരിയിൽ  റാങ്കിങ്ങിൽ 279ാം സ്ഥാനത്തായിരുന്നു സിറാജ്. പിന്നീട് നടത്തിയ മികച്ച പ്രകടനങ്ങള്‍  വര്‍ഷാവസാനത്തില്‍ താരത്തെ 18 ാം റാങ്കിലെത്തിച്ചു.  പുതുവര്‍ഷത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ സിറാജിന്‍റെ അതിശയകരമായ കുതിപ്പിന് കയ്യടിക്കുകയാണിപ്പോള്‍ ആരാധകര്‍. 

 ഐ.പി.എല്ലില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിക്കൂട്ടിയിരുന്ന ബോളര്‍മാരില്‍ ഒരാളായിരുന്നു സിറാജ്. ബാറ്റര്‍മാരുട ചെണ്ടയെന്നടക്കം ആരാധകരുടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരം ടീം ഇന്ത്യക്ക് വേണ്ടി സമീകാലത്ത് നടത്തിയ അതിശയകരമായ പ്രകടനങ്ങളിലൂടെ വിമര്‍ശകരുടെ മുഴുവന്‍ വായടിപ്പിച്ചിരിക്കുകയാണിപ്പോള്‍. 

ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച ഇന്ത്യക്ക് 114 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 113 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ആസ്ത്രേലിയക്ക് 112 പോയിന്‍റുമാണുള്ളത്. കിവീസ് നാലാമതും പാകിസ്താന്‍ അഞ്ചാമതുമാണ്. ടി 20 റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാമത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News