ഇതെന്താണ് കണ്ടാരാഷ്ട്ര ക്രിക്കറ്റോ ?- ഇംഗ്ലണ്ട്- നെതർലൻഡ്‌സ് മത്സരത്തിനിടെ കുറ്റിക്കാട്ടിൽ പന്ത് തെരഞ്ഞ് നെതർലൻഡ്‌സ് താരങ്ങൾ- വീഡിയോ

ഇടം കൈയൻ സ്പിന്നർ പീറ്റർ സീലാർ എറിഞ്ഞ മത്സരത്തിന്റെ ഒമ്പതാം ഓവറിൽ ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാൻ ഉയർത്തിയടിച്ച പന്ത് സ്റ്റേഡിയവും കടന്ന് പുറത്തേക്ക് പോയി.

Update: 2022-06-17 14:12 GMT
Editor : Nidhin | By : Web Desk
Advertising

നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലെ മൈതാനങ്ങളിൽ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചവരോ ഇന്നും കളിക്കുന്നവരോ ആണ് മിക്ക ക്രിക്കറ്റ് പ്രേമികളും. കണ്ടം ക്രിക്കറ്റ് അല്ലെങ്കിൽ കണ്ടം കളി എന്നും നമ്മൾ വിളിക്കുന്ന ആ കളിക്കിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും നമ്മുക്ക് മറക്കാൻ സാധിക്കില്ല.

കളിക്കിടെ പന്ത് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പോകുന്നതും എല്ലാവരും ചേർന്ന് അത് തെരയുന്നതും കളിയിൽ രസംകൊല്ലിയാണെങ്കിലും കണ്ടാരാഷ്ട്ര ക്രിക്കറ്റിന്റെ മാത്രം പ്രത്യേകതയാണ് അത്തരം സംഭവങ്ങൾ. പലപ്പോഴും മുമ്പ് കാണാതായ പന്തായിരിക്കും നമ്മുക്ക് തെരഞ്ഞപ്പോൾ കിട്ടിയുണ്ടാകുക.

എന്നാൽ അത്തരത്തിലൊരു സംഭവം ലൈവ് സംപ്രേക്ഷണം അടക്കമുള്ള ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനിടെ സംഭവിച്ചാലോ. സാധാരണ ഗതിയിൽ ഒരു സാധ്യതയുമില്ലാത്ത സംഭവമാണിത്. ഇപ്പോൾ അങ്ങനെ പന്ത് കാണാതാകുന്നതും താരങ്ങളടക്കം വന്ന് പന്ത് തെരയുന്നതുമായ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അതും ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടും നെതർലൻഡ്‌സും തമ്മിലുള്ള മത്സരത്തിലാണ് ഈ സംഭവം നടന്നത് എന്നത് സംഭവത്തിന്റെ കൗതുകം വർധിപ്പിക്കുന്നു.

നെതർലൻഡ്‌സിലെ വിആർഎ ക്രിക്കറ്റ് സ്റ്റേഡിയം (VRA Cricket Stadium ) ആണ് മത്സരവേദി. ഇംഗ്ലണ്ടിന്റെ നെതർലൻഡ്‌സ് പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിനിടെയാണ് സംഭവം. ഇടം കൈയൻ സ്പിന്നർ പീറ്റർ സീലാർ എറിഞ്ഞ മത്സരത്തിന്റെ ഒമ്പതാം ഓവറിൽ ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാൻ ഉയർത്തിയടിച്ച പന്ത് സ്റ്റേഡിയവും കടന്ന് പുറത്തേക്ക് പോയി. ചെറിയ കുറ്റിക്കാടുകൾക്ക് സമീപമാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. അത്തരത്തിൽ ഒരു കുറ്റിക്കാട്ടിലാണ് പന്ത് ചെന്നു വീണത്.

ഇതോടെ പന്ത് തെരഞ്ഞ് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നെതർലൻഡ്‌സ് താരങ്ങളും കുറ്റിക്കാട്ടിലേക്ക് ഇറങ്ങി. അവർ പന്ത് തെരയുന്നതും ഒടുവിൽ ഒരു നെതർലൻഡ്‌സ് താരം തന്നെ പന്ത് കണ്ടെത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പന്ത് ലഭിച്ചതിലുള്ള അവരുടെ ആഹ്ലാളദവും വീഡിയോയിലുണ്ട്.


അതേസമയം മത്സരത്തിലൂടെ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ഏകദിനത്തിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ടോട്ടൽ നേടിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്. 2018 ൽ ഓസ്ട്രേലിയക്കെതിരെ അവർ തന്നെ നേടിയ 481 റൺസെന്ന റെക്കോർഡാണ് അവർ മറിക്കടന്നത്. മൂന്ന് പേരാണ് ഇംഗ്ലണ്ട് നിരയിൽ സെഞ്ച്വറി നേടിയത്. ഓപ്പണർ ഫിലിപ്പ് സാൾട്ട് 93 പന്തിൽ 122 റൺസ് നേടി തകർപ്പൻ തുടക്കം നൽകി. മറുവശത്ത് ഡേവിഡ് മലാൻ കൂറ്റനടികളോടെ കളം നിറഞ്ഞു. 109 പന്തിൽ 125 റൺസ് മലാനും അടിച്ചെടുത്തു. പിന്നെ നെതർലൻഡ്സിലെ വി.ആർ.എ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ജോസ് ബട്ട്ലറിന്റെ ആറാട്ടിനായിരുന്നു. 70 പന്തിൽ 231.43 സ്ട്രൈക്ക് റേറ്റിൽ പുറത്താകാതെ 162 റൺസാണ് ബട്ട്ലർ അടിച്ചെടുത്തത്. അതിൽ 14 സിക്സറുകളും 7 ബൗണ്ടറികളുമുണ്ടായിരുന്നു. ക്യാപ്റ്റൻ മോർഗനും (0) ഓപ്പണർ ജേസൺ റോയിയും (1) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ ലിവിങ് സ്റ്റണും പൊട്ടിത്തെറിച്ചതോടെ (22 പന്തിൽ 66) ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ട് തങ്ങളുടെ പേരിൽ അരക്കിട്ടുറപ്പിച്ചു.

26 സിക്സറുകളും 36 ഫോറുകളും പിറന്ന മത്സരത്തിൽ പത്തിനടുത്തായിരുന്നു ഇംഗ്ലണ്ടിന്റെ റൺറേറ്റ്. നെതർലൻഡ്സിന്റെ ഫിലിപ്പ് ബോയിസ് വെയിനാണ് ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തത് 10 ഓവർ എറിഞ്ഞ ഫിലിപ്പ് 108 റൺസ് വിട്ടുകൊടുത്തു. തൊട്ടുപിന്നിൽ 99 റൺസ് വിട്ടുകൊടുത്ത ഷെയിൻ സ്നാറ്ററാണ്. എന്നാൽ എക്കണോമി അധികം അഞ്ച് ഓവർ എറിഞ്ഞ് 65 റൺസ് വിട്ടുകൊടുത്ത ബാസ് ഡി ലീഡെക്കാണ്. 13 റൺസാണ് അദ്ദേഹത്തിന്റെ എക്കണോമി റേറ്റ്.

Summary: Netherlands players search for the ball in bushes after Dawid Malan's massive six

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News