ലാസ്റ്റ് ബോൾ ഡ്രാമ; ഒത്തുകളിയെന്ന് ആരാധകർ

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിനെതിരെയും ആരോപണം

Update: 2023-05-08 09:27 GMT
Advertising

ജയ്പൂര്‍: അവസാന ബോളിൽ ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്. സന്ദീപ് ശർമയെറിഞ്ഞ അവസാന പന്ത് അബ്ദുസ്സമദ് ലോങ് ഓഫിലേക്ക് പറത്തി. അതൊരു ക്യാച്ചിലവസാനിക്കുമ്പോൾ വിജയമുറപ്പിച്ച മട്ടിൽ രജസ്ഥാൻ ആരാധകർ ആഘോഷമാരഭിച്ചു. എന്നാൽ ക്യാമറകൾ അംപയറിലേക്ക് തിരിഞ്ഞു. അതൊരു നോബോളായിരുന്നു പോലും. ആരാധകര്‍ തലയില്‍ കൈവച്ചു. അടുത്ത് പന്ത് സിക്‌സർ പറത്തി അബ്ദുസ്സമദ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചു.

അത്യന്തം നാടകീയമായിരുന്നു രാജസ്ഥാനെതിരായ മത്സരത്തിൽ ഹൈദരാബാദിന്റെ വിജയം. കൈയ്യിൽ കിട്ടിയ മത്സരമാണ് സഞ്ജുവും സഘവു അവസാന പന്തിൽ കൈവിട്ട് കളഞ്ഞത്. ഇപ്പോഴിതാ രാജസ്ഥാനെതിരെ ഒത്തുകളി ആരോപണവുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഒരിക്കലും ഇത്രയും നിർണായകമായൊരു നിമിഷത്തിൽ ഒരു ബോളർ അലക്ഷ്യമായി പന്തെറിഞ്ഞ് ഒരു നോബോൾ ഇരന്നു വാങ്ങില്ലെന്നും ഇതിൽ സംശയമുണ്ടെന്നും അവർ പറയുന്നു.

ഒപ്പം മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിൽ വരുത്തിയ പിഴവുകൾ ഏറെ സംശയകരമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 17ാം ഓവറിലെ രണ്ടാം പന്തിൽ രാഹുൽ ത്രിപാഠിയുടെ ഒരു അനായാസ ക്യാച്ചാണ് സഞ്ജു നഷ്ടപ്പെടുത്തിക്കളഞ്ഞത്. സാധാരണ ഡൈവ് ചെയതടക്കം അനായാസം ക്യാച്ച് എടുക്കാറുള്ള സഞ്ജു ഇതെങ്ങനെയാണ് വിട്ടുകളഞ്ഞത് എന്നാണ് ആരാധകര്‍ . അതിന് മുമ്പ് ഒരു അനായാസ റണ്ണൗട്ട് അവസരവും സഞ്ജു പാഴാക്കിയിരുന്നു.

സന്ദീപ് ശര്‍മയില്‍ ഏറെ വിശ്വാസമുണ്ടായിരുന്നു എന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് പന്തേല്‍പ്പിച്ചത് എന്നും മത്സര ശേഷം സഞ്ജു പറഞ്ഞു.

''എനിക്ക് സന്ദീപിൽ വിശ്വാസമുണ്ടായിരുന്നു. സമാനമായൊരു സാഹചര്യത്തിൽ ചെന്നൈക്കെതിരെ അദ്ദേഹം ഞങ്ങളെ വിജയിപ്പിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹം നന്നായി തന്നെ പന്തെറിഞ്ഞു. പക്ഷെ ആ നോബോൾ എല്ലാം നശിപ്പിച്ചു''- സഞ്ജു പറഞ്ഞു.

സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഹൈദരാബാദിന് 17 റണ്‍സ് വേണമായിരുന്നു. അവസാന പന്തിലേക്കെത്തുമ്പോള്‍ അത് അഞ്ചായി ചുരുങ്ങി. അവസാന പന്ത് ഒരു ക്യാച്ചില്‍ കലാശിച്ചതും രാജസ്ഥാന്‍ താരങ്ങളും ആരാധകരും ആഘോഷമാരംഭിച്ചു. എന്നാല്‍ അമ്പയര്‍ നോബോള്‍ വിളിച്ചതും ജയ്പൂര്‍ സ്റ്റേഡിയം നിശബ്ദമായി. ഫ്രീഹിറ്റ് ബോള്‍ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി അബ്ദുസ്സമദ് രാജസ്ഥാന്‍റെ കയ്യില്‍ നിന്ന് വിജയം തട്ടിപ്പറിച്ചു.

ഹൈദരാബാദ് ഇന്നിങ്സിന്‍റെ അവസാന രണ്ടോവറുകളാണ് മത്സരത്തില്‍ ഏറെ നിര്‍ണായകമായത്. കുല്‍ദീപ് യാദവ് എറിഞ്ഞ 19 ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് തുടര്‍ച്ചയായി മൂന്ന് സിക്സും ഒരു ഫോറും പറത്തി. അഞ്ചാം പന്തില്‍ ഫിലിപ്സ് മടങ്ങി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാര്‍കോ ജാന്‍സണെ കൂട്ടുപിടിച്ച് അബ്ദുസ്സമദ് ടീമിനെ വിജയതീരമണക്കുകയായിരുന്നു. ഹൈദരാബാദിനായി അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി കുറിച്ചു. ഐ.പി.എല്ലില്‍ ജയ്പൂര്‍ സ്റ്റേഡിയത്തില്‍ പിറവിയെടുക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിങ്ങുമാണിത്. തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ ജോസ് ബട്‍ലറും കത്തിക്കയറിയപ്പോള്‍ രാജസ്ഥാന്‍ കൂറ്റന്‍ സ്കോ പടുത്തുയര്‍ത്തി. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ബട്‌ലർ 59 പന്തിൽ 4 സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 95 റൺസെടുത്ത് പുറത്തായി. സഞ്ജു 38 പന്തിൽ അഞ്ച് സിക്‌സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയിൽ 66 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും തുടക്കം മുതല്‍ തന്നെ ടോപ് ഗിയറിലായിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. നടരാജനാണ് ജയ്സ്വാളിന്‍റെ വിക്കറ്റ്. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന സഞ്ജുവും ബട്‍ലറും ചേര്‍ന്ന് രാജസ്ഥാന്‍ സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒടുക്കം സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് മാത്രം അകലെ ബുവനേശ്വര്‍ ബട്‍ലറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ക്രീസിലെത്തിയ ഹെറ്റ്മെയറുമായി ചേര്‍ന്ന് സഞ്ജു സ്കോര്‍ 200 കടത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News