നൈജീരിയക്കെതിരെ റൊണാള്‍ഡോ ഉണ്ടാകില്ല; കോച്ച് പറയുന്നതിങ്ങനെ...

താരത്തിന് നിര്‍ജലീകരണമാണെന്നും ഗ്യാസ്ട്രോ എൻറൈറ്റിസിന്‍റെ പ്രശ്നം അലട്ടുന്നുണ്ടെന്നും ലിസ്ബണിൽ നടന്ന പത്രസമ്മേളനത്തിൽ സാന്‍റോസ് പറഞ്ഞു.

Update: 2022-11-17 10:45 GMT
Advertising

നൈജീരിയക്കെതിരായ സൌഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല. പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താരത്തിന് നിര്‍ജലീകരണമാണെന്നും ഗ്യാസ്ട്രോ എൻറൈറ്റിസിന്‍റെ പ്രശ്നം അലട്ടുന്നുണ്ടെന്നും ലിസ്ബണിൽ നടന്ന പത്രസമ്മേളനത്തിൽ സാന്‍റോസ് പറഞ്ഞു.

ഫെർണാണ്ടോ സാന്‍റോസ് പറഞ്ഞത്- 'റൊണാള്‍ഡോ നൈജീരിയക്കെതിരായ മത്സരത്തില്‍ ഉണ്ടാകില്ല. ധാരാളം ജലാംശം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. റൊണാള്‍ഡോക്ക് ഗ്യാസ്ട്രോ എൻറൈറ്റിസാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പരിശീലിക്കാന്‍ കഴിയില്ല. റോണോക്ക് ഇപ്പോള്‍ വിശ്രമമാണ് ആവശ്യം. ഉടന്‍ തന്നെ സുഖം പ്രാപിക്കും'.

അതേസമയം നവംബർ 24ന് ഘാനക്കെതിരായി നടക്കുന്ന പോർച്ചുഗലിന്റെ ആദ്യ  ഗ്രൂപ്പ് മത്സരത്തിൽ റൊണാൾഡോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഘാനയെ കൂടാതെ ദക്ഷിണ കൊറിയയും ഉറുഗ്വേയും ആണ് പോർച്ചുഗലിന്റെ ഗ്രൂപ്പിൽ ഉള്ളത്.

അതേസമയം ക്രിസ്റ്റ്യാനോയും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അതിനുപിന്നാലെ സൂപ്പർ താരത്തിന്‍റെ ഭീമൻ ചുമർചിത്രം മാഞ്ചസ്റ്റർ യുനൈറ്റഡ് നീക്കംചെയ്തിരുന്നു. ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫിഡിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ചുമർചിത്രമാണ് നീക്കിയിരിക്കുന്നത്. എന്നാൽ, ക്ലബിനും കോച്ച് എറിക് ടെൻ ഹാഗിനും എതിരായ കടുത്ത പരാമർശങ്ങളെ തുടർന്നല്ല നടപടിയെന്നാണ് അറിയുന്നത്.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിയാനോ ക്ലബിനും ടെൻഹാഗിനും എതിരെ തുറന്നടിച്ചത്. മകൾക്ക് അസുഖം ബാധിച്ച സമയത്തുപോലും യുനൈറ്റഡ് മാനേജ്‌മെന്റ് തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ട പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ടെൻ ഹാഗ് തന്നെ ക്ലബിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും താരം ആരോപിച്ചു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News