സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിച്ചു; സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് താരം
വാർത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്റെ ബൂട്ടുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ചു.
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനതാരം സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ യാദവ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത തീരുമാനം.
വൈകാരികമായിട്ടായിരുന്നു സാക്ഷിയുടെ വിരമിക്കൽ പ്രഖ്യാപനം. വാർത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്റെ ബൂട്ടുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ചു. പീഡനക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും ആർഎസ്എസ് അനുഭാവിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന തീരുമാനവുമായി താരം രംഗത്തെത്തിയത്.
മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷി മാലിക്ക് പൊട്ടിക്കരഞ്ഞു. ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രം നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതിയിരുന്നു.
എന്നാൽ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും വ്യക്തമാക്കിയ ശേഷമായിരുന്നു, ഗുസ്തി അവസാനിക്കുന്നതായി സാക്ഷി മാലിക്ക് അപ്രതീക്ഷിതമായി വ്യക്തമാക്കിയത്. ബജ്റംഗ് പുനിയയും വിനയ് ഫോഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ സാക്ഷി മാത്രമാണ് ഗുസ്തി ഉപേക്ഷിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് എങ്ങനെ നീതി ലഭിക്കുമെന്ന് അറിയില്ലെന്നും സമരം അവസാനിക്കുന്നതിനൊപ്പം എല്ലാവരോടും തങ്ങളുടെ പ്രശ്‌നങ്ങൾ അറിയിച്ചതാണെന്നും പുതിയ നേതൃത്വത്തിന് കീഴിൽ തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും വിനയ് ഫോഗട്ട് പറഞ്ഞു.
അതിക്രമം നേരിട്ട താരങ്ങൾ കേന്ദ്ര കായികമന്ത്രിയോട് നേരിട്ടെത്തി പലതവണ പരാതികൾ നൽകിയതാണ്. ഇതേത്തുടർന്നായിരുന്നു സർക്കാർ പല വാഗ്ദാനങ്ങളും നൽകിയത്. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല. വനിതകൾക്ക് ഒരു തരത്തിലുള്ള സ്ഥാനവും ഫെഡറേഷനിൽ ലഭിക്കുന്നില്ല. ഒരു വനിതാ അധ്യക്ഷയെ നിയമിക്കണം എന്നായിരുന്നു തങ്ങൾ പ്രധാനമായും കായികമന്ത്രിയോട് ആവശ്യപ്പെട്ടത്.
എന്നാൽ ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനമെടുക്കാമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ തങ്ങൾക്ക് ഉറപ്പുനൽകിയതായിരുന്നു. എന്നാൽ ഇതൊന്നും പാലിച്ചെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു സാക്ഷി മാലിക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.