'ഓട്ടോ പേ' ഇനി തലവേദനയല്ല; നിയന്ത്രിക്കാൻ ഇതാ ഒരു വഴി
ആക്റ്റിവേറ്റ് ആയിട്ടുള്ള 'ഓട്ടോ പേ'കളെല്ലാം ഒറ്റക്ലിക്കിൽ ഇനി നിയന്ത്രിക്കാം
കോഴിക്കോട്: 'ഒട്ടോ പേ' ഒഴിവാക്കാൻ മറന്ന് സ്ഥിരമായി പണി കിട്ടുന്നവരാണോ നിങ്ങൾ ? ഇനി ആശ്വസിക്കാം. ആക്റ്റിവേറ്റ് ആയിട്ടുള്ള 'ഓട്ടോ പേ'കളെല്ലാം ഒറ്റക്ലിക്കിൽ ഇനി ഒഴിവാക്കാം. അതിനായി നാഷ്ണൽ പെയ്മന്റ് കോർപ്പറേഷൻ പുതിയ പോർട്ടൽ തുടങ്ങിയിരിക്കുകയാണ്. upihelp.npci.org.in എന്ന പോർട്ടലിലൂടെ വരിക്കാർക്ക് തങ്ങളുടെ 'ഓട്ടോ പേ' സബ്സ്‌ക്രിപ്ഷനുകൾ എളുപ്പത്തിൽ പരിശോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.
ഏതെങ്കിലും ആപ്പിന്റെയോ പ്രൊഡക്റ്റിന്റെയോ സബ്‌സ്‌ക്രിപ്ഷന് പണം നൽകുമ്പോൾ തന്നെ 'ഓട്ടോ പേ' ആക്‌ററിവേറ്റ് ആവും. സേവനം ഉപയോഗിച്ച് കഴിഞ്ഞാലും 'ഓട്ടോ പേ' പലപ്പോഴും ഡി ആക്റ്റിവേറ്റ് ചെയ്യാൻ ശ്രദ്ധിക്കാറില്ല. നിശ്ചിത കാലാവധി കഴിഞ്ഞ് അടുത്ത പെയ്മന്റ് നടക്കുമ്പോൾ മാത്രമാണ് 'ഓട്ടോ പേ'യുടെ കാര്യം പലരും ഓർക്കാറുള്ളത്. ഡി ആക്റ്റിവേറ്റ് ചെയ്യാൻ തന്നെ ശ്രമിച്ചാലും ഏത് യുപിഐ ആപ് വഴിയാണ് 'ഓട്ടോ പേ' അപ്രൂവ് ചെയ്തത് എന്ന് കണ്ടെത്താൻ സാധിക്കാറില്ല. ഇതിനുള്ള പരിഹാരമാണ് പുതിയ സംവിധാനം.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആപ്പുകളിലും ഉപയോക്താക്കൾ അറിയാതെയുള്ള ആവർത്തിച്ചുള്ള പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് എൻപിസിഐയുടെ ഈ നിർണായക നീക്കം. ഉപയോക്താക്കൾക്ക് തങ്ങളുടെ എല്ലാ ആക്റ്റീവ് 'ഓട്ടോപേ' മാൻഡേറ്റുകളും ഒരൊറ്റ സ്ഥലത്ത് കാണാൻ സാധിക്കും. ഏതെങ്കിലും യുപിഐ ആപ്പിലെ 'മാനേജ് ബാങ്ക് അക്കൗണ്ട്‌സ്' (Manage bank accounts) വഴിയോ അല്ലെങ്കിൽ പ്രത്യേക 'ഓട്ടോ പേ' വിഭാഗം വഴിയോ ഇത് പരിശോധിക്കാം.
ഒരു യുപിഐ ആപ്പിൽ സെറ്റ് ചെയ്തിരിക്കുന്ന 'ഓട്ടോ പേ' മാൻഡേറ്റ് മറ്റൊരു ആപ്പിലേക്ക് മാറ്റാനും ഉപയോക്താക്കൾക്ക് അവസരമുണ്ടാകും. അതുപോലെ തന്നെ, വ്യാപാരികൾക്കും പേയ്മെന്റ് പ്രൊവൈഡർമാരെ മാറ്റാനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്.