കേടാകുന്നത് കൊണ്ടല്ല, പഴയതാകുന്നതുമല്ല; 53 ശതമാനം ഇന്ത്യക്കാരും പുതിയ ഫോണ്‍ വാങ്ങുന്നത് ഈ ഒറ്റക്കാരണത്താല്‍

ഡിസ്‌പ്ലേ ടെക്‌നോളജി കമ്പനിയായ കോര്‍ണിങ് ഇന്‍കോര്‍പറേറ്റഡ് നടത്തിയ പഠനത്തില്‍ പറയുന്നത് കൗതുകകരമായ കാര്യമാണ്

Update: 2026-07-11 06:15 GMT

മൊബൈല്‍ ഫോണില്ലാത്ത ഒരു ജീവിതം ഇന്ന് സങ്കല്‍പ്പിക്കാനാവില്ല. ദിനംപ്രതി പുതിയ മോഡലുകളും സാങ്കേതിക വിദ്യകളുമൊക്കെയായി വിപണിയില്‍ ഫോണുകളുടെ മത്സരമാണ്. കുറഞ്ഞത് ഒരു രണ്ട് വര്‍ഷത്തിനിടെയെങ്കിലും പഴയ ഫോണ്‍ ഒഴിവാക്കി പുതിയത് വാങ്ങുന്നവരാരും മിക്കവരും. ചിലര്‍ക്കാകട്ടെ ഇടക്കിടെ ഫോണ്‍ മാറ്റുന്നത് ഒരു ശീലമായിരിക്കും. പുതിയൊരു ഫോണ്‍ വിപണിയിലെത്തിയാല്‍ അത് പോക്കറ്റിലാക്കാതെ സമാധാനമാകില്ല ചിലര്‍ക്ക്.

ഇന്ത്യക്കാരുടെ ഫോണ്‍ വാങ്ങല്‍ രീതികളെ കുറിച്ച് ഡിസ്‌പ്ലേ ടെക്‌നോളജി കമ്പനിയായ കോര്‍ണിങ് ഇന്‍കോര്‍പറേറ്റഡ് നടത്തിയ പഠനത്തില്‍ പറയുന്നത് കൗതുകകരമായ കാര്യമാണ്. 53 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും പ്രതീക്ഷിച്ചതിലും നേരത്തേ പുതിയ ഫോണ്‍ വാങ്ങാന്‍ കാരണമാകുന്നത് പുതിയ മോഡലുകളോ, കയ്യിലുള്ള ഫോണ്‍ പഴയതാകുന്നത് കൊണ്ടോ അല്ല. ഫോണിന്റെ ചില്ല് (ഡിസ്‌പ്ലേ കവര്‍ ഗ്ലാസ്) പൊട്ടുന്ന കാരണത്താലാണ് പകുതിയിലേറെ ഇന്ത്യക്കാരും പുതിയ ഫോണ്‍ വാങ്ങേണ്ടിവരുന്നത്. 1,500ത്തിലധികം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ കമ്പനി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.

Advertising
Advertising

സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേരും പറഞ്ഞത് തങ്ങളുടെ ഫോണ്‍ നിരന്തരം കയ്യില്‍ നിന്നും പോക്കറ്റില്‍ നിന്നും താഴെ വീഴാറുണ്ടെന്നാണ്. 56 ശതമാനം പേര്‍ കവര്‍ ഗ്ലാസിന്റെ ഈടിനെക്കുറിച്ച ആശങ്ക കാരണം ഫോണ്‍ വീഴുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. ഫോണ്‍ താഴെ വീണ് ചില്ല് പൊട്ടുമോയെന്ന ആശങ്ക സമ്മര്‍ദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുന്നുണ്ടെന്നും പലരും പറയുന്നു. പകുതിയോളം ഉപഭോക്താക്കള്‍ക്ക് ചില്ല് തകരാറായി അറ്റകുറ്റപ്പണികള്‍ക്കായി 2,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട്.

ഉപകരണത്തെക്കുറിച്ച കമ്പനിയുടെ അവകാശവാദങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതായി 61 ശതമാനം ഇന്ത്യന്‍ ഉപഭോ ക്താക്കളും വെളിപ്പെടുത്തി. 58 ശതമാനം പേരും ഫോണുകളുടെ ഡിസ്‌പ്ലേ വ്യക്തതക്ക് മുന്‍ഗണന നല്‍കുന്നു. ഡ്രോപ്പ് പ്രൊട്ടക്ഷന് 52 ശതമാനവും സ്‌ക്രാച്ച് റെസിസ്റ്റന്‍സിന് 48 ശതമാനവും ഫ്രണ്ട് ആന്‍ഡ് ബാക്ക് പ്രൊട്ടക്ഷന് 52 ശതമാനവും പേരും പരിഗണന നല്‍കി. 53 ശതമാനം പേര്‍ കാമറ ലെന്‍സ് ഡ്യൂറബിലിറ്റിക്ക് മുന്‍ഗണന നല്‍കി. കരുത്തുറ്റ കവര്‍ മെറ്റീരിയല്‍ ഫീച്ചറുകള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്ന് 74 ശതമാനം ഉപഭോക്താക്കള്‍ പറയുന്നതായും സര്‍വേ വ്യക്തമാക്കുന്നു.

കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് പോലെ കൂടുതല്‍ കടുപ്പമുള്ള കവര്‍ ഗ്ലാസുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും പറഞ്ഞത് പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് പരിഗണിക്കുമെന്നാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News