വിവിധ ആവശ്യങ്ങൾക്കായി നേരത്തെ അറിയാവുന്നതും അജ്ഞാതവുമായ പലതരം ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണുകളിൽ കയറ്റിവെക്കുന്നവരാണ് നാം. എഡിറ്റിങ്, ഗെയിമിങ് അടക്കമുള്ള വിവിധ ആവശ്യങ്ങൾ അവയിൽ പെടും. എന്നാൽ, എല്ലാ ആപ്പുകളെയും കണ്ണുമടച്ചങ്ങ് വിശ്വസിക്കാനൊക്കുമോ? വിശ്വസിച്ച് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ പണി തരുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ ചിലരിലെങ്കിലും കാണും. ഇപ്പോഴിതാ, അക്കാര്യത്തിൽ ചെറിയൊരു വ്യക്തത വരുത്തിയിരിക്കുകയാണ് ടെക് വിദഗ്ധർ.
യഥാർത്ഥ പണം വെച്ചുകൊണ്ടുള്ള ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നേരത്തെ തന്നെ രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനിയും ടീൻ പാട്ടി, റമ്മി ആപ്പുകൾ കളയാതെ വെച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം ഡിലീറ്റ് ചെയ്തേക്കണമെന്ന് ചുരുക്കം.
സാമ്പത്തികനഷ്ടം തന്നെ സുപ്രധാന വില്ലൻ
ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടെ അജ്ഞാതമായ ഏതോ ഘട്ടത്തിൽ ചെറിയ ക്യാഷ് ബാക്കും ബോണസും ലഭിക്കുമെന്ന വാഗ്ദാനത്തിനപ്പുറം ടീൻ പാട്ടി, റമ്മി ആപ്പുകൾ കൊണ്ട് ഉപയോക്താക്കൾക്ക് യാതൊരു പ്രയോജനവുമില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഉപയോഗിച്ചുതുടങ്ങാൻ വലിയ തുക ചിലവഴിക്കേണ്ടിവരുന്നുണ്ട് താനും. കാലങ്ങളായി വിവിധ ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയ പണം നഷ്ടപ്പെട്ടേക്കാം എന്നതിനപ്പുറം മറ്റൊന്നും ഈ ആപ്പുകൾ ഉപയോക്താവിന് നൽകുന്നില്ല.
ഇനി കളിച്ചുകൊണ്ടിരിക്കെ, ഏതെങ്കിലും വിധേനെ പണം നഷ്ടപ്പെട്ടാലോ, അത് തിരിച്ചുപിടിക്കാനായി മരണവെപ്രാളത്തിൽ കളിക്കുകയും ചെയ്യും. ഇത് കൂടുതൽ സാമ്പത്തിക നഷ്ടത്തിലേക്കാവും കൊണ്ടെത്തിക്കുക.
വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം
ഫോണിലെ കോൺടാക്ട്, സ്റ്റോറേജ്, ലൊക്കേഷൻ അടക്കമുള്ളവയുടെ ആക്സസ് പെർമിഷൻ അനുവദിച്ചെങ്കിൽ അധിക ഗെയിമിങ് ആപ്പുകളും തുറക്കാനാകൂ. വിശ്വസനീയമായ ആപ്ലിക്കേഷനല്ല ഉപയോഗിക്കുന്നതെങ്കിൽ സ്വകാര്യവിവരങ്ങൾ അതീവഭീഷണിയിലാണെന്ന് ചുരുക്കിപ്പറയാം.
ചുരുക്കം ചില തട്ടിപ്പ് ആപ്ലിക്കേഷനുകൾ വാഹന- ബാങ്ക് ഡീറ്റെയിൽസുകളടക്കം ചോദിക്കും. ചോദിക്കുന്നതെല്ലാം കണ്ണടച്ച് നൽകുന്നതിലൂടെ ഫിഷിങ് പോലുള്ള സൈബർ തട്ടിപ്പുകൾക്ക് നാം തന്നെ കുഴിയൊരുക്കുകയാവും ചെയ്യുന്നത്.
അഡിക്ഷൻ ഭീഷണിയും അവഗണിച്ചുകൂടാ
ഉപയോക്താക്കളെ വീണ്ടും വീണ്ടും തിരിച്ചുവരുത്തുന്ന രീതിയിലാണ് മിക്കവാറും ഓൺലൈൻ കാർഡ് ഗെയിമിങ് ആപ്പുകളുടെയും സംവിധാനം. ഇടക്കിടെയുള്ള ഉപയോഗം ആഴമേറിയ അഡിക്ഷനിലേക്ക് കൊണ്ടെത്തിച്ചേക്കും. കുട്ടികളും യുവാക്കളിലും ഇത് ദൂരവ്യാപകമായ മാനസികപിരിമുറുക്കൾക്ക് വഴിയൊരുക്കിയേക്കാം.
പണ്ടുകാലങ്ങളിൽ കയറ്റിവെച്ച ഈ ആപ്പുകളിൽ പലതും ഉപയോഗിക്കുന്നുണ്ടാവില്ലെങ്കിൽ പോലും ഫോണുകളിൽ കിടക്കുന്നുണ്ടെങ്കിൽ, എത്രയും വേഗം ഡിലീറ്റ് ചെയ്യുകയെന്നതാണ് മേൽപ്പറഞ്ഞ പ്രതിസന്ധികളെ ഒഴിവാക്കാനുള്ള ഏകവഴി. കൂടാതെ, ഇത്തരം ആപ്ലിക്കേഷനുകൾ കയറ്റുന്നതിന് മുൻപായി ആധികാരികവും വിശ്വസനീയവുമായ ആപ്പ് റിവ്യൂകൾ, ഡെവലപ്പർ ഇൻഫർമേഷൻ, ആവശ്യപ്പെട്ടേക്കാവുന്ന പെർമിഷനുകൾ എന്നിവയെക്കുറിച്ച് ധാരണയുണ്ടാക്കുന്നതും ഉപകരിച്ചേക്കും. പ്ലേ സ്റ്റോറിൽ നിന്നോ ഔദ്യോഗിക സൈറ്റുകളിൽ നിന്നോ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. ഇത് നിങ്ങളുടെ സ്വകാര്യവിവരങ്ങൾ അതീവസുരക്ഷയോടെ നിലനിർത്താൻ സഹായകരമായേക്കും.