വിവോ നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്ന് ഇ.ഡി; 465 കോടി കണ്ടുകെട്ടി
രാജ്യത്തുടനീളം 48 ഇടങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
ഡല്‍ഹി: ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡി നടപടി. വിവോയുടെ 465 കോടി രൂപ കണ്ടുകെട്ടി. വിവോ ഇന്ത്യയുടെ 66 കോടിയുടെ സ്ഥിരനിക്ഷേപവും 2 കിലോ സ്വർണവും 73 ലക്ഷം രൂപയും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. 23 അനുബന്ധ കമ്പനികളുടെ നിക്ഷേപവും കണ്ടുകെട്ടിയവയിലുണ്ട്. രാജ്യത്തുടനീളം 48 ഇടങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
119 ബാങ്ക് അക്കൌണ്ടുകളില്‍ നിന്നാണ് 465 കോടി കണ്ടുകെട്ടിയത്. നികുതി വെട്ടിക്കാന്‍ വിവോ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്ന് ഇ.ഡി അറിയിച്ചു. ഇത് ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവിന്‍റെ 50 ശതമാനം വരുമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
വിവോയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇ.ഡി രണ്ട് ദിവസം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടത്തിയത്.
ഇന്ത്യയില്‍ 15 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് വിവോ. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നല്‍കിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിവോ കമ്പനി അധികൃതർ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ കമ്പനി അധികൃതര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വ്യാജരേഖകള്‍ ചമച്ചെന്നുമാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ പ്രതികരണം.
വിവോയുടെ എതിരാളിയായ ചൈനീസ് സ്മാർട്ട്‌ഫോൺ ഭീമനായ ഷവോമി ഇന്ത്യയുടെ 5,551 കോടി രൂപയുടെ നിക്ഷേപം പിടിച്ചെടുക്കാൻ ഇ.ഡി ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. വിദേശ വിനിമയ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. ന്യായവും വിവേചനരഹിതവുമായ വ്യാവസായിക അന്തരീക്ഷം ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന നേരത്തെ പ്രതികരിക്കുകയുണ്ടായി.
Summary- Vivo India remitted Rs 62,476 crore to China to avoid taxes, says ED