വില കുറയുമോ ? ഐഫോൺ 14 ന്റെ ഉത്പാദനം ആപ്പിൾ ഇന്ത്യയിലേക്ക് മാറ്റുന്നു

ഐഫോൺ ഉത്പാദനത്തിന് ആപ്പിൾ ഉപയോഗിക്കുന്നത് തയ്‌വാനീസ് ടെക്‌നോളജിയാണ്

Update: 2022-09-22 14:01 GMT
Editor : dibin | By : Web Desk
Advertising

മുംബൈ: ടെക് ഭീമൻമാരായ ആപ്പിൾ ചൈന കേന്ദ്രീകരിച്ചുള്ള ഉത്പാദനം നിർത്തുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഐഫോൺ 14 ന്റെ 5% നിർമാണം ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം. 2025 ഓടെ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് പുതുതായി പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. കോവിഡ് സാഹചര്യവും തൊഴിലിടങ്ങളിൽ ചൈന ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുമാണ് ആപ്പിളിനെ ചൈന വിടാൻ പ്രേരിപ്പിക്കുന്നത്.

ഐഫോൺ ഉത്പാദനത്തിന് ആപ്പിൾ ഉപയോഗിക്കുന്നത് തയ്‌വാനീസ് ടെക്‌നോളജിയാണ്. ചൈന-തയ്‌വാൻ സംഘർഷം അവരുടെ ഉത്പാദനത്തെ ബാധിക്കുമെന്ന ഭയവും കമ്പനിക്കുണ്ട്.ചൈന വിട്ട് ആപ്പിൾ ഇന്ത്യയിലേക്ക് വരുന്നതോടെ ഐഫോണുകളുടെ വിലയിൽ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് ഐഫോൺ പ്രേമികൾ.

ആപ്പിളിന് പിന്നാലെ, ഗൂഗിളും അതിന്റെ മുൻനിര പിക്‌സൽ സ്മാർട്ട്ഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ചൈനയിൽ കോവിഡ് കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ഉത്പാദനം മന്ദഗതിയിലായതുമാണ് വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. 5 മുതൽ 10 ലക്ഷം വരെ പിക്‌സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്ക്കൊപ്പം വിയറ്റ്നാമിലേക്കും ബിസിനസ് മാറ്റാൻ കമ്പനി ശ്രമിക്കുന്നുണ്ട്.

അടുത്തിടെ ഗൂഗിൾ തങ്ങളുടെ പിക്‌സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. 5 മുതൽ 10 ലക്ഷം വരെ പിക്‌സൽ ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുവരെ ചൈനയിൽ മാത്രമാണ് ഗൂഗിൾ തങ്ങളുടെ മുൻനിര ഫോൺ നിർമ്മിക്കുന്നത്. എന്നാൽ കോവിഡ് കാരണം, ചൈനയുടെ പ്രധാന സാങ്കേതിക കേന്ദ്രമായ ഷാങ്ഹായ് ഉൾപ്പെടെ പല നഗരങ്ങളിലും ലോക്ക്ഡൗൺ കാരണം വിതരണ ശൃംഖലയ്ക്ക് നഷ്ടം സംഭവിച്ചു. ഗൂഗിൾ ഉൾപ്പെടെയുള്ള പല ഹൈടെക് കമ്പനികളും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണ്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News