റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ ഉപഗ്രഹം വഴി അടിയന്തര സഹായം; ഞെട്ടിക്കുന്ന ഫീച്ചറുമായി ഐഫോൺ 14 പുറത്തിറക്കി

ഐഫോൺ 14 മോഡൽ ഈമാസം 16 ന് വിപണിയിലെത്തും. ഐഫോൺ 14 പ്ലസ്, പ്രോ, പ്രോമാക്‌സ് മോഡലുകൾ ഒക്ടോബറിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

Update: 2022-09-08 01:23 GMT

ദുബൈ: ആപ്പിൾ ഐഫോൺ 14 മോഡലുകൾ പുറത്തിറക്കി. ഐഫോൺ 14, പ്ലസ്, പ്രോ, പ്രോമാക്‌സ് മോഡലുകളാണ് പ്രഖ്യാപിച്ചത്. ഉപഗ്രഹങ്ങൾ വഴി അടിയന്തര സഹായം തേടാനുള്ള സംവിധാനം, ആക്ഷൻകാമറ വീഡിയോ ഷൂട്ടിങ് സൗകര്യം, വാഹനം അപകടത്തിൽപ്പെട്ടാൽ തിരിച്ചറിയുന്ന സംവിധാനം എന്നിവയാണ് പുതിയ ഐഫോണിന്റെ പ്രത്യേകത. അമേരിക്കൻ മോഡലുകളിൽ ഇ-സിം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. സിംകാർഡ് ഇടാൻ സാധിക്കില്ല.

ഐഫോൺ 14 മോഡൽ ഈമാസം 16 ന് വിപണിയിലെത്തും. ഐഫോൺ 14 പ്ലസ്, പ്രോ, പ്രോമാക്‌സ് മോഡലുകൾ ഒക്ടോബറിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. റേഞ്ചും ഇന്റർനെറ്റും ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഉപഗ്രഹം വഴി അടിയന്തര സഹായം തേടാനുള്ള എമർജൻസി എസ്ഒഎസ് സംവിധാനമാണ് പുതിയ മോഡലിനെ വേറിട്ടതാക്കുന്നത്. തുടക്കത്തിൽ യു.എസിലും കാനഡയിലുമാണ് ഈ സൗകര്യം ലഭിക്കുക. സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ അപകടം സ്വയം തിരിച്ചറിഞ്ഞ് അടിയന്തര സന്ദേശം കൈമാറുന്ന ക്രാഷ് ഡിറ്റക്ഷനാണ് മറ്റൊരു പ്രത്യേകത. നേരത്തേയുള്ള മോഡലുകളിൽ വാച്ച് ഉപയോഗിക്കുന്നവർ വീണുപോയാൽ തിരിച്ചറിയുന്ന സംവിധാനമുണ്ടായിരുന്നു. പുതിയ ഐഫോൺ മോഡലിൽ സിംകാർഡ് ഇടാനുള്ള സിം ട്രേ ഉണ്ടാവില്ല. പകരം സിം കാർഡിന്റെ ഡിജിറ്റൽ രൂപമായ ഇ-സിം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഒരേസമയം നിരവധി ഇ സിമ്മുകൾ ഉപയോഗിക്കാം.

Advertising
Advertising

ഐഫോൺ 14, പ്രോ മോഡലുകൾക്ക് 6.1 ഇഞ്ച് സ്‌ക്രീൻ വലിപ്പവും, പ്ലസ്, പ്രോമാക്‌സ് മോഡലുകൾക്ക് 6.7 ഇഞ്ച് വലിപ്പവുമുണ്ടാകും. പ്രോ മോഡലുകളിൽ A16 ബയോണിക് ചിപ്പും, പ്രധാനകാമറയിൽ 48 മെഗാപിക്‌സൽ ഷൂട്ടിങ് സൗകര്യവും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ആക്ഷൻമോഡിൽ ആക്ഷൻരംഗങ്ങളും കായിക ഇനങ്ങളും ജിംബലിന്റെ സഹായമില്ലാതെ തന്നെ ഇളക്കം തട്ടാതെ റെക്കോർഡ് ചെയ്യാം. നിലവിൽ ഗോപ്രോ പോലുള്ള ആക്ഷൻ കാമറകൾ നൽകുന്ന സൗകര്യമാണിത്. പ്രധാനകാമറയുടെ വലിപ്പം 65 ശതമാനം വർധിപ്പിച്ചു. കുറഞ്ഞവെളിച്ചത്തിലെ ഫോട്ടോഗ്രഫിയും, വീഡിയോ റെക്കോർഡിങ്ങും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. പ്രോമോഡലുകൾക്ക് മറ്റ് മോഡലുകളേക്കാൾ 40 ശതമാനം അധികം പ്രവർത്തന വേഗതയും കമ്പനി അവകാശപ്പെടുന്നു.

പുതിയ ഐഫോൺ 14 മോഡലുകൾക്ക് പുറമെ, ആപ്പിൾ വാച്ച് 8 സീരിസ്, അതിസാഹസികർക്കുള്ള ആപ്പിൽ വാച്ച് അൾട്ര, പുതിയ മോഡൽ എയർപോഡ് എന്നിവയും ആപ്പിൾ സിഇഒ ടിം കുക്ക് പുറത്തിറക്കി. ഐഫോൺ 14, പ്ലസ് എന്നിവക്ക് 63,700 രൂപ മുതൽ 71,700 രൂപ വരെ വിലവരും. പ്രോ, പ്രോമാക്‌സ് മോഡലുകൾക്ക് 79,600 രൂപ മുതൽ 87,600 രൂപ വരെ വിലവരും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News