തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി വൊഡാഫോണ്‍ ഐഡിയ; അതീവ ജാഗ്രതയില്‍ വിപണി

മാര്‍ച്ച് പാദത്തില്‍ മാത്രം ഏഴായിരം കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.

Update: 2021-08-09 11:15 GMT
Editor : Suhail | By : Web Desk
Advertising

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍ ഐഡിയ. രാജ്യത്തെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനി ഏതുനിമിഷവും അടച്ചുപൂട്ടാമെന്നുള്ള നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൊഡാഫോണ്‍ ഐഡിയക്ക് പുറമെ, ടെലികോം മേഖല ഒന്നടങ്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

1.8 ലക്ഷം കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയുടെ ആകെ കടബാധ്യത. ഇതില്‍ 1.5 ലക്ഷം കോടിരൂപയും കമ്പനി സര്‍ക്കാരിന് നല്‍കാനുള്ളതാണ്. വിവിധ ബാങ്കുകളിലായി 23,000 കോടി രൂപയുടെ ബാധ്യതയുമുണ്ട് കമ്പനിക്ക്. നിക്ഷേപങ്ങള്‍ വഴി 25,000 കോടി രൂപ വരെയെങ്കിലും കണ്ടെത്താനുള്ള വി.ഐയുടെ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല.

മാര്‍ച്ച് പാദത്തില്‍ മാത്രം ഏഴായിരം കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിലും വന്‍ ഇടിവുണ്ടായി. വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കയ്യെടുക്കണമെന്നും ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു.

ഒരു ഉപഭോക്തവില്‍ വി.ഐക്ക് ലഭിക്കുന്ന വരുമാനം 107 രൂപയായാണ് കുറഞ്ഞത്. എയര്‍ടെലിന് ഈയിനത്തില്‍ 145 രൂപയും ജിയോക്ക് 138 രൂപയുമാണ് ലഭിക്കുന്നത്.

ടെലികോം മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര നടപടി ആവശ്യമാണെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഗോപാല്‍ വിറ്റല്‍ പറഞ്ഞു. മൂന്ന് സ്വകാര്യ കമ്പനികളെങ്കിലും പ്രവര്‍ത്തിക്കുന്ന വിധം ഇന്ത്യന്‍ ടെലിംകോം മേഖലയെ സംരക്ഷിക്കണമെന്നും എയര്‍ടെല്‍ ആവശ്യപ്പെട്ടു. ഒരുകാലത്ത് 12 സ്വകാര്യ ടെലികോം കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News