'ഐഫോൺ എയർ' പിടിച്ച് വളച്ചാൽ എന്ത് സംഭവിക്കും? ഞെട്ടിയെന്ന് യുട്യൂബർ
കനംകുഞ്ഞ മോഡൽ എന്ന വിശേഷണവുമായാണ് ഐഫോൺ എയറിനെ ആപ്പിൾ അവതരിപ്പിച്ചത്.
ന്യൂയോർക്ക്: സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും കനംകുഞ്ഞ മോഡൽ എന്ന വിശേഷണവുമായാണ് ഐഫോൺ എയറിനെ ആപ്പിൾ അവതരിപ്പിച്ചത്. അതിനാൽ തന്നെ 17 പരമ്പരയിലെ ഏറ്റവും വലിയ ആകർഷണവും 'ഐഫോൺ എയർ' ആയിരുന്നു.
അവതരണവേളയിലും പിന്നാലെ വിപണിയിലേക്കിറങ്ങിയപ്പോഴുമെല്ലാം ആളുകൾ ആകാംക്ഷയോടെ നോക്കിയതും വിശേഷങ്ങൾ പങ്കുവെച്ചതുമെല്ലാം എയറിനെക്കുറിച്ചായിരുന്നു. 'എയറിലാകുമോ' എന്ന ആശങ്കകളും ഒരു ഭാഗത്തുണ്ടായിരുന്നു. 5.6 എംഎം മാത്രമാണ് ഫോണിന്റെ കനം. എന്നാൽ മോഡലിന്റെ ഡ്യൂരബിലിറ്റി ടെസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അമേരിക്കയിലെ പ്രമുഖ ടെക്ക് യുട്യൂബറായ 'ജെറി റിങ് എവരിതിങി'ന്റെ ഡ്യൂരബിലിറ്റി ടെസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കയ്യിൽ കിട്ടുന്ന ഫോണുകളെ അടിച്ചും അഴിച്ചും ഒതുക്കിയും റിവ്യൂ ചെയ്യുന്നവരിൽ മിടുക്കനാണ് ജെറി. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ റിവ്യൂകൾക്ക് ശ്രദ്ധകിട്ടാറുണ്ട്. ഐഫോൺ എയറിൽ താൻ ആകൃഷ്ടനാണെന്നാണ് ജെറി ടെസ്റ്റിന് ശേഷം പറയുന്നത്.
പിറകില്‍ കൈ അമര്‍ത്തി വളയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ്. ഒന്നും സംഭവിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം മുന്നില്‍ നിന്ന് ഫോണ്‍ വളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ തോതില്‍ ഇളയ്ക്കങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും പാനല്‍ അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മടങ്ങിവരുന്നതും അദ്ദേഹം കാണിക്കുന്നു.
ഇനിയൊരു യന്ത്രത്തിന്റെ സഹായത്തോടെയാണ് ഫോണ്‍ വളക്കുന്നത്. അപ്പോഴാണ് ഫോണിന്റെ ഗ്ലാസ് പൊട്ടിപ്പോകുന്നത്. എന്നാല്‍ അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാക്ക് പാനല്‍ പഴയ രൂപത്തിലേക്ക് മടങ്ങുന്നു. എന്നാല്‍ ഗ്ലാസ് പൊട്ടിയെങ്കിലും ഫോണ്‍ പ്രവര്‍ത്തിക്കുന്നതിന് അത് തടസമാകുന്നുമില്ല.
6.5 ഇഞ്ച് പ്രോ മോഷന്‍ എക്‌സ്ഡിആര്‍ ഒഎല്‍ഇഡി പാനലാണിതില്‍. 145 ഗ്രാം ഭാരമുണ്ട്. ടൈറ്റേനിയം ഫ്രെയിമാണിതില്‍. മികച്ച രീതിയില്‍ ഈട് നില്‍ക്കും വിധമാണ് ഫോണിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെടുന്നത്.
Watch Video