തരൂരും കെ മുരളീധരനും നേമത്ത് മല്‍സരിക്കില്ല; സസ്പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്‍റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക മറ്റന്നാള്‍ പുറത്തിറക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു
എം.പിമാരായ ശശി തരൂരും കെ മുരളീധരനും തിരുവനന്തപുരം നേമം മണ്ഡലത്തില്‍ മല്‍സരിക്കില്ലെന്ന സൂചന നല്‍കി രമേശ് ചെന്നിത്തല. നിലവില്‍ എം.പിമാരായ ആരും തന്നെ മല്‍സരിക്കില്ലെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല അറിയിച്ചു. അതിനാല്‍ തന്നെ നേമത്ത് മല്‍സരിക്കാന്‍ സാധ്യത കല്‍പ്പിച്ച ശശി തരൂരും കെ മുരളീധരനും ഇവിടെ മല്‍സരിക്കില്ലെന്ന് ഉറപ്പായി. പകരം ആരാകുമെന്ന സസ്പെന്‍സ് നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക മറ്റന്നാള്‍ പുറത്തിറക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ചോദിച്ചായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നത്.
തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016 ലെ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി സംസ്ഥാനത്ത് നിയമസഭ അക്കൌണ്ട് തുറന്നതോടെയാണ് ഇരുമുന്നണികള്‍ക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.