അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി കുടുംബങ്ങളെയാണ് നിരക്കുവർധന കാര്യമായി ബാധിച്ചത്.
അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി കുടുംബങ്ങളെയാണ് നിരക്കുവർധന കാര്യമായി ബാധിച്ചത്. പതിവുപോലെ അവധിക്കാല തിരക്ക് മുൻകൂട്ടി കണ്ട് വിമാനക്കമ്പനികളെല്ലാം കേരള സെക്ടറുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്.
സാധാരണ ടിക്കറ്റിന് രണ്ടും മൂന്നും ഇരട്ടി തുക നൽകേണ്ട സ്ഥിതിയാണിപ്പോൾ. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ യാത്ര സാധ്യമാകും. പെട്ടെന്ന് യാത്രക്ക് ഒരുങ്ങിയവർ ശരിക്കും വലിയ വില കൊടുക്കേണ്ട സ്ഥിതിയിലാണ്. പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരുന്നവരും കമ്പനികളിൽ നിന്ന് യാത്രാ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമാണ് വെട്ടിലായത്. ഉയർന്ന ടിക്കറ്റ് നിരക്കു കാരണം പലർക്കും യാത്ര മാറ്റിവെക്കേണ്ട സ്ഥിതിയിലാണ്.
അതേ സമയം വിദ്യാലയങ്ങൾ അടച്ചതോടെ എല്ലാ വിമാനത്താവളങ്ങളിലും തിരക്ക് മൂർധന്യത്തിലാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് നിത്യേന നാട്ടിലേക്ക് പോകുന്നത്. തിരക്ക് മുൻനിർത്തി പരമാവധി നേരത്തെ എയർേപാർട്ടുകളിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
രൂപക്ക് മികച്ച വിനിമയ മൂല്യം ലഭിക്കുന്നതും സ്വർണവില കുറഞ്ഞതും നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങൾക്ക് ഗുണകരമായി മാറിയിട്ടുണ്ട്.