ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ തേടി യു.എ.ഇ കിരീടാവകാശി
കഴിഞ്ഞ 38 വര്‍ഷമായി കിരീടാവകാശിക്ക് ഒപ്പമുള്ള പേഴ്സനല്‍ സ്റ്റാഫ് അംഗമാണ് ഈ മലപ്പുറംകാരന്‍
അബൂദബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ ഇന്നലെ ഒരു വിശിഷ്ടാതിഥി എത്തി. അബൂദബിയുടെ കിരീടാവാകാശിയും യു.എ.ഇയുടെ ഉപ സര്‍വസൈന്യാധിപനുമായിരുന്നു ആ വിശിഷ്ടാതിഥി.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായതാണ് മലപ്പുറം കുറുവ പഴമുള്ളൂര്‍ മുല്ലപ്പള്ളി അലി എന്ന 56കാരന്‍. അബൂദബി ക്ലീവ്‍ലാന്റ് ആശുപത്രിയിലാണ് അലിയെ കാണാന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നേരിട്ട് എത്തി. മറ്റൊന്നും കൊണ്ടല്ല, കഴിഞ്ഞ 38 വര്‍ഷമായി കിരീടാവകാശിക്ക് ഒപ്പമുള്ള പേഴ്സനല്‍ സ്റ്റാഫ് അംഗമാണ് ഈ മലപ്പുറംകാരന്‍. ശൈഖ് മുഹമ്മദിന്റെ എല്ലാ വിദേശയാത്രകളിലും ഒപ്പം പോകേണ്ട ജീവനക്കാരില്‍ ഒരാള്‍. അലിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോള്‍ അബൂദബിയിലെ ഏറ്റവും മുന്തിയ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് നിര്‍ദേശിച്ചത് കിരീടാവകാശിയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.
എന്നാല്‍, സുഖവിവരം നേരിട്ട് അന്വേഷിക്കാന്‍ ഭരണാധികാരി തന്നെ നേരിട്ട് എത്തിയതിന്റെ ആശ്ചര്യത്തിലാണ് അലിയുടെ കുടുംബം. നേരത്തേ കണ്ണൂര്‍ സ്വദേശിയായ കൊട്ടാരം ജീവനക്കാരന് രാജകീയ യാത്രയയപ്പ് നല്‍കി അബൂദബി കിരീടാവകാശി യു എ ഇയിലെ മലയാളി സമൂഹത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു.