അജ്മാനിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്
വയനാട് സുൽത്താൻ ബത്തേരി സ്വദേശി റഷീദിനാണ് പരിക്കേറ്റത്
Update: 2021-03-27 02:53 GMT
അജ്മാനിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി റഷീദിനാണ് പരിക്കേറ്റത്. അജ്മാൻ റുമൈലയിൽ ടൈപ്പിംഗ് സെന്റർ നടത്തി വരികയാണ് റഷീദ്. കഴിഞ്ഞ ദിവസം രാത്രി ടൈപ്പിംഗ് സെന്റർ അടച്ച് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
എതിർ ദിശയിൽ നടന്നു വരികയായിരുന്ന മൂന്ന് പേരാണ് റഷീദിന്റെ കൈയിലെ ഫോൺ പിടിച്ചെടുക്കാൻ ആദ്യം തുനിഞ്ഞത്. ഫോൺ പിടി വിടാതെ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘം മർദ്ദനത്തിലേക്ക് തിരിഞ്ഞു. ബഹളം കേട്ട് പരിസരവാസികളിൽ ചിലർ കടന്നു വന്നതു കൊണ്ടു മാത്രമാണ് അക്രമികൾ പിന്തിരിഞ്ഞതെന്ന് റഷീദ് പറയുന്നു. അജ്മാൻ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയിലാണ് റഷീദ്.