'എന്‍റെ 11 മിനിറ്റിന് നിങ്ങളുടെ ഒരു മണിക്കൂർ പോകും'; വൈകിയെത്തിയതിന് ശമ്പളം പിടിച്ച എച്ച്ആറിന് കമ്പനി പോളിസിയിലൂടെ തിരിച്ചടി നൽകി ജെൻസി ജീവനക്കാരൻ

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Update: 2026-07-11 12:44 GMT

വീട്ടിലെയും നാട്ടിലെയും തിരക്കുകൾക്കിടെ ചില ദിവസങ്ങളിലെങ്കിലും ഓഫീസിൽ വൈകിയെത്താത്തവരായി അധികപേരൊന്നും ഉണ്ടാകില്ല. എത്രതന്നെ അച്ചടക്കനടപടികൾ നേരിട്ടാലും വീണ്ടും വീണ്ടും വൈകിയെത്തുന്നവരും നമുക്കിടയിലുണ്ടാകാം. ഇത്തരത്തിൽ അറിഞ്ഞോ അറിയാതെയോ സമയനിഷ്ഠ പാലിക്കാത്തതിന് മിക്കവാറും കമ്പനികളിലും ചെറിയ രീതിയിലുള്ള അച്ചടക്കനടപടികളൊക്കെ സ്വീകരിക്കാറുമുണ്ട്. ശമ്പളത്തിൽ നിന്ന് നിശ്ചിത വിഹിതം പിടിച്ചുവെക്കുകയോ ലീവ് വെട്ടിച്ചുരുക്കലോ അത്തരം നടപടികളിൽ പെടും.

എന്നാലിപ്പോൾ, ഓഫീസിൽ വൈകിയെത്തിയതിന് ശമ്പളം പിടിച്ച എച്ച്ആറിന് കമ്പനി പോളിസിയിലൂടെ തന്നെ തിരിച്ചടി നൽകിയ ജെൻസി ജീവനക്കാരനാണ് സോഷ്യൽ മീഡിയയിൽ താരം.  വോൾഫ്സ് എന്ന യൂസർ എക്സിൽ പങ്കുവെച്ച കുറിപ്പ് പ്രകാരം സംഭവം ഇങ്ങനെ; അന്ന് പതിവിലും ഏതാനും മിനിറ്റുകൾ വൈകിയാണ് ജെൻസി പ്രായക്കാരനായ ജീവനക്കാരൻ ഓഫീസിലെത്തിയത്. എന്നാൽ, കമ്പനിയുടെ കർശനമായ അറ്റൻഡൻസ് പോളിസി പ്രകാരം വൈകിയെത്തിയ 11 മിനിറ്റുകൾക്ക് പകരമായി ഒരു മണിക്കൂർ നേരത്തെ സാലറി കട്ട് ചെയ്യുമെന്ന് എച്ച്ആർ ഈ ജീവനക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഒരു തിങ്കളാഴ്ചയാണ് സംഭവം. 

Advertising
Advertising

മറ്റേതൊരാളും വലിയ രീതിയിൽ പ്രതിഷേധമറിയിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യേണ്ടുന്ന സാഹചര്യത്തിൽ, അതിനൊന്നും മുതിരാതെ ജെൻസി ജീവനക്കാരൻ പെരുമാറിയ രീതിയ്ക്കാണ് സോഷ്യൽ മീഡിയ വലിയ രീതിയിൽ കയ്യടിച്ചത്. ശമ്പളം വെട്ടിക്കുറച്ച കമ്പനിയോടും പോളിസിയോടും തർക്കിക്കാൻ നിൽക്കാതെ, ശാന്തനായി അദ്ദേഹം ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

എന്നാല്‍, 11 മിനിറ്റിന് വൈകിയതിന് ഒരു മണിക്കൂര്‍ നേരത്തെ സാലറി കട്ട് ചെയ്ത കമ്പനി പോളിസിക്ക് തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചായിരുന്നു അയാള്‍ അന്ന് ഓഫീസില്‍ നിന്നിറങ്ങിയത്. ഇതിനായി കമ്പനി പോളിസി തന്നെ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു മണിക്കൂറിലെ ശമ്പളം വെട്ടിക്കുറച്ചതുകൊണ്ട് തന്നെ, ആ ഒരു മണിക്കൂര്‍ താന്‍ കമ്പനിക്കായി ജോലി ചെയ്യില്ലെന്ന ജീവനക്കാരന്‍ കമ്പനിയെ അറിയിച്ചു.

അതനുസരിച്ച്, ദിവസങ്ങൾക്ക് ശേഷം, ഓഫീസ് സമയത്ത് ഏകദേശം ഒരു മണിക്കൂറോളം ഇന്റർനെറ്റ് തടസ്സപ്പെടുകയുണ്ടായി. ഇതേതുടർന്ന് ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതോടെ, നഷ്ടപ്പെട്ട സമയം നികത്താൻ ജോലി കഴിഞ്ഞ് അധിക സമയം നിൽക്കണമെന്ന് മാനേജ്മെന്റ് എല്ലാ ജീവനക്കാരോട് ആവശ്യപ്പെട്ടു. ​മറ്റ് ജീവനക്കാർ ഇത് അനുസരിക്കാൻ തയ്യാറായെങ്കിലും, അന്ന് ശമ്പളം നഷ്ടപ്പെട്ട ആ ജീവനക്കാരൻ അതിന് തയ്യാറായില്ല. പകരം, അതിഗംഭീരമായ ഒരു മറുപടിയാണ് അദ്ദേഹം നൽകിയത്: 'കമ്പനി പോളിസി പ്രകാരം, 11 മിനിറ്റ് വൈകിയതിന് ഒരു മണിക്കൂറത്തെ ശമ്പളം പോകുമെങ്കിൽ, ഇന്റർനെറ്റ് തകരാറിലായതിനും ഒരു മണിക്കൂർ നഷ്ടപ്പെടും. അതിനാൽ തിങ്കളാഴ്ച കാണാം.'

​താൻ നേരിട്ട അതേ നിയമം കമ്പനിക്കും ബാധകമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഈ മറുപടി കേട്ട് ഓഫീസ് അധികൃതർ അക്ഷരാർത്ഥത്തിൽ നിശബ്ദരായിപ്പോയി. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തൊഴിലിടങ്ങളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചും തൊഴിലാളികൾക്ക് നൽകേണ്ടുന്ന സുരക്ഷിതബോധത്തെ കുറിച്ചും നിരവധി പേരാണ് അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News