11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളില്‍ 'മാനിപ്പുലേറ്റഡ് മീഡിയ' ടാഗ് ഇടണമെന്ന് കോണ്‍ഗ്രസ്
മന്ത്രിമാര്‍ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് സുര്‍ജേവാല പറഞ്ഞു.
പാര്‍ട്ടിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളില്‍ മാനിപ്പുലേറ്റഡ് മീഡിയ ടാഗ് ഇടണമെന്ന് കോണ്‍ഗ്രസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിന്റെ ലീഗല്‍, പോളിസി ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ ലീഡ് വിജയ ഗദ്ദേ, ഡെപ്യൂട്ടി ജനറല്‍ കൗണ്‍സെലും വൈസ് പ്രസിഡന്റുമായ ജിം ബേക്കര്‍ എന്നിവര്‍ക്ക് കത്തെഴുതി.
സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, ഗിരിരാജ് സിങ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, രമേശ് പൊക്രിയാല്‍, തവാര്‍ചന്ദ് ഗെഹ്ലോട്ട്, ഹര്‍ഷ് വര്‍ധന്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി , ഗജേന്ദ്ര സിങ് ശെഖാവത് എന്നിവരുടെ ട്വീറ്റുകള്‍ക്കാണ് ടാഗ് ഇടാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടുകളിലൂടെ കേന്ദ്രമന്ത്രിമാര്‍ നടത്തുന്ന ഏത് അഭിപ്രായപ്രകടനവും ശരിയാണെന്നാണ് ജനങ്ങള്‍ കരുതുക. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ ടൂള്‍ കിറ്റ് അനുസരിച്ചുള്ള വ്യാജ ട്വീറ്റുകള്‍ ടാഗ് ചെയ്യേണ്ടത് അനിവാര്യമാണെന്നും സുര്‍ജേവാല പറഞ്ഞു.