നാരദ കേസ്: തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം

രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

Update: 2021-05-28 08:59 GMT

നാരദ കേസില്‍ അറസ്റ്റിലായ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തൃണമൂല്‍ നേതാക്കളായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, മദന്‍ മിത്ര, മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗബെഞ്ച് ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കുകയോ അന്വേഷണത്തില്‍ ഇടപെടുകയോ ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ടു. നിബന്ധനകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മെയ് 19 മുതല്‍ നാല് നേതാക്കളും വീട്ടുതടങ്കലിലായിരുന്നു.

2014 ലാണ് നാരദന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ തൃണമൂല്‍ നേതാക്കള്‍ കുടുങ്ങിയത്. കമ്പനി പ്രതിനിധികളായി തൃണമൂല്‍ നേതാക്കളെ സന്ദര്‍ശിച്ചവരില്‍ നിന്ന് നേതാക്കള്‍ പണം വാങ്ങുകയായിരുന്നു. അന്ന് നാല് നേതാക്കളും മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് നാരദ ന്യൂസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News