ബിജെപി അധികാരത്തിലെത്തിയാല്‍ അക്കൗണ്ടില്‍ 18000 രൂപ എത്തും; കര്‍ഷകരോട് അമിത് ഷാ
കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം മമത ബാനർജി തടയുകയാണെന്നും അമിത് ഷാ
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാല്‍ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം മമത ബാനർജി തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ എത്തിയോ എന്ന് അമിത് ഷാ സദസ്സിലുണ്ടായിരുന്നവരോട് ചോദിച്ചു. ഇല്ല എന്ന് ആള്‍ക്കൂട്ടം മറുപടി നല്‍കി.
മോദിജി നൽകുന്ന പണം നിങ്ങൾക്ക് എങ്ങനെ കിട്ടാനാണ്? മമത ദീദി അർഹരായവരുടെ പട്ടികയോ ബാങ്ക് വിവരങ്ങളോ ഇതുവരെ നൽകിയിട്ടില്ല. മോദിയുടെ ജനപ്രീതി കണ്ട് പേടിച്ച് ബംഗാള്‍ മുഖ്യമന്ത്രി ആനുകൂല്യങ്ങൾ തടയുകയാണ്. നിങ്ങൾ പേടിക്കേണ്ട. ബിജെപിയെ അധികാരത്തിലെത്തിക്കൂ. സർക്കാർ ഇവിടെ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 18,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും. കഴിഞ്ഞ വര്‍ഷം കിട്ടാതിരുന്ന 6000, ഈ വര്‍ഷത്തെ 6000, അടുത്ത വര്‍ഷത്തെ 6000 രൂപഅമിത് ഷാ
കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം കിസാന്‍ സ്കീമിനെ കുറിച്ചാണ് അമിത് ഷായുടെ പരാമര്‍ശം. ഓരോ വര്‍ഷവും മൂന്ന് തവണയായാണ് 6000 രൂപ കര്‍ഷകരുടെ അക്കൌണ്ടിലേക്ക് നല്‍കുന്നത്. 2 ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ബംഗാള്‍ സര്‍ക്കാര്‍ അര്‍ഹരായവരുടെ പട്ടിക ഇതുവരെ സമര്‍പ്പിച്ചില്ലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ 2.5 ലക്ഷം കര്‍ഷകരുടെ പട്ടിക കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടെന്നും ഇതുവരെ അക്കൌണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നുമാണ് മമത ബാനര്‍ജി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്.
If you bring BJP to power, we will give you Rs 18,000 in your bank accounts: Home Minister @AmitShah in #WestBengal #PoribortonInBengal #ITVideo pic.twitter.com/spQ7MLDwqy
— IndiaToday (@IndiaToday) February 11, 2021
'മമതയും ജയ് ശ്രീറാം വിളിച്ച് തുടങ്ങും'
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നും അമിത് ഷാ വെല്ലുവിളിച്ചു- 'ജയ് ശ്രീറാം വിളിക്കുന്നത് എന്തുകൊണ്ടാണ് ബംഗാളിൽ കുറ്റകരമാകുന്നത്? ഇന്ത്യയിലല്ലാതെ പിന്നെ പാകിസ്ഥാനിലാണോ ജയ് ശ്രീറാം മുഴങ്ങേണ്ടത്? ജയ് ശ്രീറാം മന്ത്രം കേൾക്കുമ്പോൾ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് ദേഷ്യം വരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തട്ടെ. മമത ബാനർജിയും ജയ് ശ്രീറാം എന്ന് മന്ത്രിക്കാൻ തുടങ്ങും'.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി മുൻപ് വേദി പങ്കിട്ട സമയത്ത് ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതെ മമത പോകുകയും ചെയ്തു. ഈ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന.
വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും അമിത് ഷാ. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
'വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും. അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റ് പാസ്സാക്കിയ നിയമമാണ്. എങ്ങനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്? നിങ്ങൾക്ക് അതിനെ തടയാനുള്ള ഒരു അധികാരവുമില്ല'- അമിത് ഷാ പറഞ്ഞു.