പാകിസ്താനില്‍ 11 മില്യണ്‍ പേര്‍ കടുത്ത പട്ടിണിയുടെ വക്കില്‍: പോഷകാഹാരക്കുറവും അതിരൂക്ഷമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ആറു മുതൽ 59 മാസം വരെ പ്രായമുള്ള ഏകദേശം 2.1 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്‍റെ പിടിയിലെന്ന് എഫ്എഒ റിപ്പോര്‍ട്ടില്‍ പറയുന്നു
representative image
ജനീവ: പാകിസ്താനില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 11 ദശലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ പട്ടിണിയുടെ വക്കിലെന്ന് യുഎന്നിന്‍റെ ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ബലൂചിസ്ഥാൻ, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ തുടങ്ങിയ സ്ഥലങ്ങളിലെ മനുഷ്യര്‍ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
68 ഗ്രാമീണ ജില്ലകളിലായി സംഖ്യയുടെ 22 ശതമാനം പേരും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. ഇതില്‍ 1.7 മില്യണ്‍ ആളുകള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്‍റെ പിടിയിലാണ്. ഈ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കമാണ് സ്ഥിതി വഷളാക്കിയതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ, കടുത്ത ദാരിദ്ര്യം,സംസ്ഥാനങ്ങളോടുള്ള അവഗണനയും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി.
ചില ജില്ലകളില്‍ പോഷകാഹാരക്കുറവും ഭീതിതമായ നിലയിലേക്കാണ് നീങ്ങുന്നത്. 2018 മുതൽ 2024 ന്റെ തുടക്കം വരെ പോഷകാഹാരക്കുറവിന്‍റെ നിരക്ക് 30 ശതമാനത്തിനും മുകളിലാണ്. പോഷകാഹാരക്കുറവിന്‍റെ നിരക്ക് 10 ശതമാനത്തിന് മുകളിലായാല്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായാണ് കണക്കാക്കുന്നത്. പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെയാണ്. 2023 മാർച്ച് മുതൽ 2024 ജനുവരി വരെ, 6 മുതൽ 59 മാസം വരെ പ്രായമുള്ള ഏകദേശം 2.1 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഭ്യന്തരകലാപം രൂക്ഷമായ ബലൂചിസ്ഥാനിലും സിന്ധിലും പോഷകാഹാരക്കുറവും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നുണ്ട്. വെള്ളപ്പൊക്കമടക്കമുള്ള കാലാവസ്ഥാ വെല്ലുവിളികള്‍ ഇവിടുത്തെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിയതായും എഫ്എഒ മുന്നറിയിപ്പ് നല്‍കുന്നു.തൊഴില്‍ പ്രതിസന്ധിക്ക് പുറമെ, വിലക്കയറ്റവും വിപണയില്‍ ഭക്ഷണ സാധനങ്ങളുടെ ലഭ്യതക്കുറവും ഭീഷണിയാകുന്നുണ്ട്.