52 ലക്ഷം രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ അഞ്ചു രൂപ മാത്രം; കാരണക്കാരി 13 കാരിയായ മകൾ, ഞെട്ടൽ മാറാതെ കുടുംബം
വീട്ടിൽ നിന്ന് ലഭിച്ച ഡെബിറ്റ് കാർഡ് വഴിയാണ് പണം ചെലവഴിച്ചത്
ബീജിങ്: മൊബൈൽ ഫോണുകൾക്ക് അടിമകളാണ് ഇന്നത്തെ തലമുറയിലെ പല കുട്ടികളും. അതിൽ മൊബൈൽ ഗെയിമുകൾക്കും വലിയ പങ്കുണ്ട്. പലരും മണിക്കൂറുകളോളും ഭക്ഷണം പോലുമില്ലാതെ ഗെയിം കളിക്കാനായി ചെലവിടാറുണ്ട്. പലപ്പോഴും ഈ കളികൾ കൈവിട്ടുപോകാറുമുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ചൈനയിൽ നിന്ന് പുറത്തുവരുന്നത്. ഓൺലൈൻ ഗെയിം കളിച്ച 13 കാരി മാതാപിതാക്കളുടെ സമ്പാദ്യം മുഴുവനാണ് നശിപ്പിച്ചത്.
വെറും നാലുമാസം കൊണ്ടാണ് 449,500 യുവാൻ (ഏകദേശം 52,19,809 രൂപ) ഓൺലൈൻ ഗെയിമിംഗിനായി 13 കാരി ചെലവഴിച്ചത്. ക്ലാസ് സമയത്ത് പോലും കുട്ടി അമിതമായി ഫോൺ ഉപയോഗിക്കുന്നത് അധ്യാപിക ശ്രദ്ധിച്ചിരുന്നു. പണം നൽകി കളിക്കാനുള്ള ഗെയിമുകൾക്ക് അവൾ അടിമയായിരിക്കുമെന്നും അധ്യാപികക്ക് സംശയം തോന്നി.ഇക്കാര്യം മാതാപിതാക്കളോട് പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് അമ്മയെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ തീരുമാനിച്ചു. എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവർ ഞെട്ടിപ്പോയത്. ബാങ്കിൽ വെറും അഞ്ചുരൂപയായിരുന്നു ബാക്കിയുണ്ടായിരുന്നത്. ബാക്കി തുക മുഴുവൻ ഓൺലൈൻ ഗെയിമിങ്ങിനായി ചെലവഴിച്ചെന്ന് പെൺകുട്ടി മാതാപിതാക്കളോട് തുറന്ന് പറഞ്ഞു.
ഗെയിമുകൾ വാങ്ങുന്നതിനായി ഏകദേശം 13,93,828 രൂപ ചെലവഴിച്ചതായും ഇൻ-ഗെയിം പർച്ചേസിനായിഏകദേശം 24,39,340 രൂപ ചെലവഴിച്ചതായും അവൾ സമ്മതിച്ചു. കൂടാതെ, തന്റെ സഹപാഠികളിൽ 10 പേർക്ക് ഗെയിമുകൾ വാങ്ങി നൽകാൻ ഏകദേശം 11,61,590 രൂപയും ചെലവഴിച്ചു.
വീട്ടിൽ നിന്ന് ലഭിച്ച ഡെബിറ്റ് കാർഡ് വഴിയാണ് പണം ചെലവഴിച്ചത്. അമ്മ മുമ്പ് പറഞ്ഞുകൊടുത്തതിനാൽ അതിന്റെ പാസ് വേർഡും കുട്ടിക്ക് അറിയാമായിരുന്നു. ഇനി മേലിൽ മൊബൈൽ ഗെയിം കളിക്കില്ലെന്ന് കുട്ടി മാതാപിതാക്കൾക്ക് ഉറപ്പുനൽകിയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും ഇല്ലെങ്കിൽ ഇത്തരത്തിലുള്ള വലിയ അപകടങ്ങളുണ്ടാകുമെന്നും ചിലർ വിമർശിച്ചു.