അഫ്ഗാൻ പതാകയെ ചൊല്ലി ജലാലാബാദിൽ സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു

അഫ്ഗാന്റെ ദേശീയ പതാക അഴിച്ച് താലിബാൻ ബാനർ ഉയർത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്

Update: 2021-08-18 14:05 GMT
Editor : abs | By : Web Desk
Advertising

കിഴക്കൻ നഗരമായ ജലാലാബാദിൽ അഫ്ഗാൻ ദേശീയ പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. അഫ്ഗാന്റെ ദേശീയ പതാക അഴിച്ച് താലിബാൻ ബാനർ ഉയർത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. താലിബാൻ നടപടിയെ നാട്ടുകാർ പ്രതിരോധിച്ചതായി അൽ ജസീറ പറയുന്നു.

അതിനിടെ, അഫ്ഗാൻ മുൻ പ്രസിഡണ്ട് ഹാമിദ് കർസായി താലിബാന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. താലിബാൻ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് കർസായി ഹഖാനി നെറ്റ്‌വർക്കിലെ മുതിർന്ന നേതാവ് അനസ് ഹഖാനിയുമായി ചർച്ച നടത്തിയത്. സർക്കാറിന്റെ സമാധാന ദൂതനായി അബദുല്ല അബ്ദുല്ലയും ചർച്ചയിൽ പങ്കെടുത്തു. 

അധികാരക്കൈമാറ്റം നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ രാജ്യത്തു നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ ലോക രാഷ്ട്രങ്ങൾ തുടരുകയാണ്. 24 മണിക്കൂറിനിടെ അയ്യായിരം നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സൈനിക വിമാനങ്ങളിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്.

വിഷയത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള കൂടിയാലോചനകളും തുടരുകയാണ്. ജർമൻ ചാൻസലർ ആങ്കല മെർക്കൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായും സംസാരിച്ചു. യുഎൻ അഭയാർത്ഥി ഏജൻസി മേധാവി ഫിലിപ്പോ ഗ്രാൻഡിയുമായും ഇവർ ആശയവിനിമയം നടത്തിയിട്ടുണ്ട്.

അതേസമയം, താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. വേനൽക്കാല അവധിയിലായിരുന്ന എം.പി.മാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാർലമെന്റ് സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാൻ വിഷയം ചർച്ച ചെയ്യാനായിരുന്നു സമ്മേളനം. ബ്രിട്ടീഷ് സർക്കാർ താലിബാൻ പ്രതിസന്ധി കൈകാര്യം ചെയ്തതിനെ ജോൺസൺ ന്യായീകരിച്ചു. പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിനായി ബ്രിട്ടൻ സജ്ജമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News