ഖാൻ യൂനിസ്: ഗസ്സയുടെ ആകാശത്ത് ഇപ്പോഴും അധിനിവേശ കഴുകന്മാർ വട്ടമിട്ടു പറക്കുന്നുണ്ട്. രണ്ടര വർഷക്കാലമായി തുടരുന്ന വംശഹത്യാ ആക്രമണം ആ മണ്ണിലും മനുഷ്യരിലും മേൽ തീർത്തത് സമാനതകളില്ലാത്ത മുറിവുകളാണ്. 72,000 പേരുടെ ജീവൻ ഇല്ലാതാക്കിയ കൊടുംക്രൂരതയിൽ പൊലിഞ്ഞതിലേറെയും കുഞ്ഞുമക്കളുടെ ജീവനുകളാണ്. മാതാപിതാക്കളെയും ഉറ്റവരെയും ആകെയുണ്ടായിരുന്ന കൂരയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളും അനവധി. ഇസ്രായേലിന്റെ ഏകപക്ഷീയ ആക്രമണം തീർത്ത മുറിവുകളുടെ വേദനകൾ മറക്കാൻ പല വഴികളും തേടുകയാണ് ഗസ്സക്കാർ. അവരിൽ കുട്ടികളാകട്ടെ, അതിജീവനത്തിന്റെ പുതിയ ചരിത്രം തീർക്കുകയാണ്.
ബോംബുകളും മിസൈലുകളും ഷെല്ലുകളും തീർത്ത തളർച്ചയിൽ നിന്നും മനസും ശരീരവും കൂടുതൽ ശക്തമാക്കാൻ ആയോധന കലയാണ് നല്ലതെന്ന അവർക്ക് ബോധ്യമായി. അങ്ങനെ ബോക്സിങ് ഗ്ലൗസണിയാൻ അവർ തീരുമാനിച്ചു. അധിനിവേശ ആക്രമണം മൂലം കുടിയിറക്കപ്പെട്ട് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ കഴിയുന്ന നിരവധി പെൺകുട്ടികളാണ് ബോക്സിങ് റിങ്ങിൽ പരിശീലനം നടത്തുന്നത്. മണലിൽ സ്ഥാപിച്ച താത്കാലിക ബോക്സിങ് റിങ്ങിൽ, അവർ പരിശീലകന്റെ നിർദേശത്തിനനുസരിച്ച് കൃത്യമായ മെയ്വഴക്കത്തോടെ ചുവടുവയ്ക്കുന്നു.
മുമ്പ് ഗസ സിറ്റിയിൽ ബോക്സിങ് ക്ലബ് നടത്തിയിരുന്ന ഒസാമ അയ്യൂബ് ആണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഗസ്സയിലുണ്ടായിരുന്ന ബോക്സിങ് ക്ലബ് തന്റെ വീടിനൊപ്പം ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടു. തുടർന്നാണ് അയ്യൂബ് ഖാൻ യൂനിസിൽ അഭയം തേടിയത്. തുടർന്ന്, തന്നെ പോലെ കുടിയിറക്കപ്പെട്ട ആളുകൾക്ക് ഗുണപരമാകുന്ന നിലയിൽ തന്റെ കായികപരമായ കഴിവ് ഉപയോഗിക്കാമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് ക്യാമ്പിലെ പെൺകുട്ടികൾക്ക് ബോക്സിങ് പരിശീലനം നൽകാൻ അയ്യൂബ് തീരുമാനിച്ചത്.
'ക്യാമ്പിനകത്തു തന്നെ ബോക്സിങ് പരിശീലനം ഒരുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. യുദ്ധത്തിന്റെ ഞെട്ടലിൽ കഴിയുന്ന പെൺകുട്ടികൾക്ക് അതൊരു മാനസിക ആശ്വാസമായിരിക്കും'- അയ്യൂബ് പറഞ്ഞു. 'യുദ്ധക്കെടുതിയിൽ വിറങ്ങലിച്ചിരിക്കുകയാണ് കുട്ടികൾ. അവരിൽ പലർക്കും തങ്ങളുടെ കുടുംബത്തെ നഷ്ടമായി. കടുത്ത വേദനയിലൂടെ കടന്നുപോവുന്ന അവർക്ക് അതിൽനിന്നൊരു മോചനം ആവശ്യമാണ്. ഇതോടെ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വഴിയായി അവർ ബോക്സിങ് തെരഞ്ഞെടുക്കുകയായിരുന്നു'- അയ്യൂബ് കൂട്ടിച്ചേർത്തു.
ആഴ്ചയിൽ മൂന്ന് ദിവസം നൽകുന്ന സൗജന്യ ബോക്സിങ് പരിശീലനത്തിൽ എട്ടിനും 19നും ഇടയിൽ പ്രായമുള്ള 45ലേറെ ബോക്സർമാരാണ് പങ്കെടുക്കുന്നത്. ഇതിന് മികച്ച പ്രതികരമാണ് കുട്ടികളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത്. പരിശീലനസഹായത്തിന് ഗസ്സയിലെ മറ്റു ചില യുവ അത്‌ലറ്റുകളും അയ്യൂബിനൊപ്പമുണ്ട്. ബോക്സിങ് റിങ്ങിൽ തിളങ്ങുന്ന കുട്ടികൾ തങ്ങളുടെ ആഗ്രങ്ങളും ലക്ഷ്യങ്ങളും പങ്കുവച്ചു.
ഭാവിയിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ബോക്സിങ് ചാമ്പ്യനായി മാറണമെന്നതാണ് തന്റെ അഭിലാഷമെന്ന് 14കാരിയായ ഗസൽ റദ്‌വാൻ പറഞ്ഞു. 'നിലവിലെ എന്നെത്തന്നെ മാറ്റാനാണ് ഞാൻ ബോക്സിങ് പരിശീലിക്കുന്നത്. ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന ഊർജം പുറത്തുകൊണ്ടുവരാനും ഭാവിയിൽ ചാമ്പ്യനാവാനും മറ്റ് രാജ്യങ്ങളിലെ ചാമ്പ്യൻമാരുമായി മത്സരിച്ച് ലോകമാകെ ഫലസ്തീൻ പതാക ഉയർത്താനുമാണ് എന്റെ ബോക്സിങ് പരിശീലനം'- ഗസൽ കൂട്ടിച്ചേർത്തു.
നിരവധി കുട്ടികൾ പരിശീലനത്തിന് ഉണ്ടെങ്കിലും ആവശ്യമായ സൗകര്യങ്ങളും ഉപകരണങ്ങളും അയ്യൂബിന്റെ ബോക്സിങ് കേന്ദ്രത്തിലില്ല. ഭാവിയിൽ ഈ സംരഭം വിശാലമാക്കാനും അയ്യൂബ് ഉദ്ദേശിക്കുന്നു. അതിനായി ലോകത്തിന്റെ സഹായം തേടുകയാണ് അയ്യൂബ്. തങ്ങൾ മരം കൊണ്ടുവന്ന് ചതുരാകൃതിയിലുള്ള ബോക്സിങ് റിങ് നിർമിച്ചു, പക്ഷേ മാറ്റുകളോ സുരക്ഷാ നടപടികളോ ഇല്ലെന്ന് പറഞ്ഞ അയ്യൂബ്, വിദേശപരിശീലനം നേടാനും അവരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്താനും മാനസിക പിന്തുണ നൽകാനും സഹായമുണ്ടാകണമെന്ന അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുകയും ചെയ്തു.
യുദ്ധം, ബോംബാക്രമണങ്ങൾ, നാശനഷ്ടങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും താനും സുഹൃത്തുക്കളും ബോക്സിങ് പരിശീലനം തുടരുകയാണെന്ന് 16കാരിയായ ബോക്സർ റിമാസ് പറഞ്ഞു. നിങ്ങൾ ഞങ്ങൾക്ക് കൈയുറകളും ഷൂസും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. മണലിൽ പരിശീലനം നടത്തുന്ന ഞങ്ങൾക്ക് മാറ്റുകളും പഞ്ചിങ് ബാഗുകളും ആവശ്യമാണെന്നും റിമാസ് വിശദമാക്കി.
ഗസ്സ മുനമ്പിൽ ഇസ്രായേൽ ഏർപ്പെടുത്തിയ കർശനമായ ഉപരോധം കായിക മേഖലയുടെ പുനർനിർമാണത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്ന് മേഖലയിലെ ആളുകൾ പറയുന്നു. നിർമാണ സാമഗ്രികൾ ഇസ്രായേൽ ഉദ്യോഗസ്ഥർ പതിവായി തടയുകയാണെന്നും അവർ പറയുന്നു. ഗസ്സയിലെ യൂത്ത് ആൻഡ് സ്പോട്സ് കൗൺസിലിന് ചൈന വാഗ്ദാനം ചെയ്ത ആർട്ടിഫിഷ്യൽ ടർഫ് എത്തിക്കാനുള്ള നീക്കം ഇസ്രായേൽ തടഞ്ഞതായി ഫലസ്തീന‍് ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്യുന്നു.
മരുന്ന്, ഭക്ഷണം, ഇന്ധനം എന്നിവയുടെ ലഭ്യത പോലും കുറഞ്ഞിരിക്കെ, ഫലസ്തീനിലേക്കെത്തുന്ന സാധനങ്ങളുടെ പട്ടികയിൽ കായിക ഉപകരണങ്ങൾ വളരെ കുറവാണെന്നും റിപ്പോർട്ട് പറയുന്നു. ഖാൻ യൂനിസിലെ ടെന്റുകളിലും താത്കാലിക ഷെൽട്ടറുകളിലുമായി പതിനായിരക്കണക്കിന് ആളുകളാണ് അന്തിയുറങ്ങുന്നത്.