ധാക്ക: ഹസീന സർക്കാരിനെ അട്ടിമറിച്ച ബഹുജന പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യം തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. 2024 ആഗസ്റ്റിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് പിന്നാലെ സാമ്പത്തിക ശാസ്ത്രജ്ഞനും, രാഷ്ട്രതന്ത്രജ്ഞനുമായ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായ ഇടക്കാല സർക്കാരാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. ഇന്ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും നടക്കും.
ബംഗ്ലാദേശിന്റെ ജുഡീഷ്യറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാപ്റ്റർ. 13 കോടി ജനങ്ങളാണ് ബംഗ്ലാദേശിൽ വോട്ട് ചെയ്യുക. ഇതിൽ 51 പാർട്ടികളിലായി 249 സ്വതന്ത്രർ ഉൾപ്പെടെ ആകെ 1,981 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 173 ദശലക്ഷത്തിലധികം പൗരന്മാരുള്ള ബംഗ്ലാദേശ്, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ രാജ്യവും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നുമാണ്. ജനസാന്ദ്രതയിൽ ഇന്ത്യയേക്കാൾ മൂന്നിരട്ടിയും പാകിസ്താനെക്കാൾ നാലിരട്ടിയുമാണ്. യുവാക്കളുടെ വലിയ പ്രാതിനിധ്യമുള്ള ബംഗ്ലാദേശിൽ ഏകദേശം 5 ദശലക്ഷം പേർ ഇത്തവണ കന്നിവോട്ട് രേഖപ്പെടുത്തും.
ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കുള്ളതിനാൽ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ സഖ്യവും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും തമ്മിലാണ് മത്സരം. ബംഗ്ലാദേശ് പ്രക്ഷോഭ കാലത്ത് വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ബംഗ്ലാദേശ് ലേബർ പാർട്ടി എന്നിവരാണ് ജമാഅത്ത് സഖ്യത്തിലെ പ്രമുഖ കക്ഷികൾ.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും ജനറൽ സിയായു റഹ്‌മാന്റെയും മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവുമായ താരിഖ് റഹ്‌മാനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കമെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ പറയുന്നു. പതിനേഴ് വർഷത്തെ പ്രവാസത്തിന് ശേഷം പ്രക്ഷോഭനാന്തരമാണ് താരിഖ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ബിഎൻപിയുടെ ഈ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അച്ചടക്കമില്ലായ്മ കൂടുതൽ വ്യക്തമായി കാണാമായിരുന്നു. പ്രത്യേകിച്ചും താരിഖ് റഹ്‌മാന്റെ പൊതു പ്രഭാഷണങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. വസ്തുതാപരമായി കൃത്യതയില്ലാത്ത നിരവധി പ്രസ്താവനകൾ അദേഹം നടത്തിയതായി രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം, മൃദുഭാഷിയും 2019ൽ മുൻ പ്രധാനമന്ത്രി ഹസീനയുടെ കീഴിൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയുടെ തലവനുമായ ഷഫീഖുർ റഹ്‌മാൻ നയിക്കുന്ന സഖ്യ കക്ഷിയാണ് മറുഭാഗത്ത്. സാങ്കേതികവിദ്യാധിഷ്ഠിത കൃഷി, ഉൽപ്പാദനം, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിൽ വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം പൊതുചെലവ് വർധിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഷഫീഖുർ റഹ്‌മാൻ മുന്നോട്ടുവെച്ചു. ദീർഘകാലമായി ജമാഅത്തെ ഇസ്‌ലാമിയെ ഒരു മതപരമായ പാർട്ടിയായി വിമർശകർ ചൂണ്ടികാണിക്കുമ്പോഴും സിയയുർ റഹ്‌മാൻ ജമാഅത്തിന്റെ മുൻ നേതാക്കളേക്കാൾ മിതവാദിയാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. അവാമി ലീഗ്, ബിഎൻപി പാർട്ടികൾക്ക് ബദൽ, അഴിമതികളിൽ നിന്ന് അകലം പാലിക്കുന്ന രാഷ്ട്രീയം, ധാർമിക അച്ചടക്കമുള്ള മുന്നണി എന്നീ മാനദണ്ഡങ്ങളാണ് ജമാഅത്തിന് മുൻതൂക്കം നൽകുന്ന ഘടകങ്ങളെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ഇരു മുന്നണികളുടെയും വിദേശം നയങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിൽ നിർണായക പങ്കുവഹിക്കും. ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെ എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരവും സഹകരണപരവുമായ ബന്ധം നിലനിർത്താൻ ശ്രമിക്കുമെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദേശ നയം. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി പരസ്പര പ്രയോജനകരവുമായ ബന്ധങ്ങൾ വളർത്തിയെടുക്കും. അതേസമയം, താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ദേശീയ താൽപ്പര്യം, സാമ്പത്തിക നയതന്ത്രം, മുൻ ഭരണകൂടത്തിന്റെ ഇന്ത്യാ കേന്ദ്രീകൃത വിദേശനയത്തിൽ നിന്നുള്ള വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദേശ, പ്രതിരോധ നയങ്ങളിൽ 'ബംഗ്ലാദേശ് ആദ്യം' എന്ന സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.