"ജനങ്ങളെ ഭിന്നിപ്പിക്കും"; ഇസ്രായേൽ മുൻമന്ത്രിക്ക് വിസ നിഷേധിച്ച് ആസ്‌ത്രേലിയ

ദിവസങ്ങൾക്കു മുമ്പാണ് കിഴക്കൻ ജറൂസലം അടങ്ങുന്ന ഫലസ്തീൻ രാഷ്ട്രത്തിന് സ്ഥിരമായ പരമാധികാരം നൽകണമെന്ന ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിന് അനുകൂലമായി ആസ്‌ത്രേലിയ വോട്ട് രേഖപ്പെടുത്തിയത്.

Update: 2024-11-22 15:33 GMT
Editor : André | By : Web Desk

കാൻബറ: മുൻ ഇസ്രായേൽ മന്ത്രി ആയലത്ത് ഷാക്കെദിന് വിസ നിഷേധിച്ച് ആസ്‌ത്രേലിയ. ആസ്‌ത്രേലിയ - ഇസ്രായേൽ ജ്യുയിഷ് അഫയേഴ്‌സ് കൗൺസിൽ (AIJAC) അടുത്തയാഴ്ച സംഘടിപ്പിക്കുന്ന സുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ഷാക്കെദ് സമർപ്പിച്ച വിസ അപേക്ഷയാണ് ആസ്‌ത്രേലിയൻ ആഭ്യന്തര മന്ത്രാലയം തള്ളിയത്. ഷാക്കെദ് ആസ്‌ത്രേലിയക്കാരെ പ്രകോപിതരാക്കാനും ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും സാധ്യതയുണ്ടെന്നു കാണിച്ചാണ് നടപടി.

യാഥാസ്ഥിതിക ജൂത പാർട്ടിയായ 'ദി ജ്യുയിഷ് ഹോമി'ന്റെ പ്രതിനിധിയായി ഇസ്രായേൽ നെസറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ആയലത്ത് ഷാക്കെദ് രണ്ടുതവണ ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ അംഗമായിരുന്നു. 2015-2019 കാലയളവിൽ നീതി വകുപ്പും 2021 മുതൽ 2022 വരെ ആഭ്യന്തരകാര്യ വകുപ്പുമാണ് ഇവർ കൈകാര്യം ചെയ്തിരുന്നത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇവർ അറബ് പ്രദേശങ്ങൾ കയ്യേറി ജൂതന്മാർക്ക് നൽകണമെന്ന് പലതവണ പരസ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം എല്ലാ ഫലസ്തീനികളും ഇസ്രായേലിന്റെ ശത്രുക്കളാണെന്നും അവർ പറഞ്ഞിട്ടുണ്ട്.

Advertising
Advertising

അപേക്ഷിക്കുന്നയാൾ ആസ്‌ത്രേലിയയിൽ കുഴപ്പമുണ്ടാക്കുമെന്ന സംശയമുണ്ടെങ്കിൽ വിസ അപേക്ഷ നിരസിക്കാമെന്ന കുടിയേറ്റ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് ഷാക്കെദിന് വിസ നിഷേധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. തനിക്ക് പ്രവേശനം നിഷേധിച്ചത് ആസ്‌ത്രേലിയൻ ഭരണകൂടം സെമിറ്റിക് വിരുദ്ധരായി മാറിയതിന്റെ തെളിവാണെന്ന് ഷാക്കെദ് ആരോപിച്ചു.

ഇസ്രായേൽ - ഫലസ്തീൻ വിഷയത്തിൽ ആസ്‌ത്രേലിയൻ ഭരണകൂടത്തിന്റെ നയംമാറ്റത്തിന്റെ സൂചനയാണ് ഈ സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു. ദിവസങ്ങൾക്കു മുമ്പാണ് കിഴക്കൻ ജറൂസലം അടങ്ങുന്ന ഫലസ്തീൻ രാഷ്ട്രത്തിന് സ്ഥിരമായ പരമാധികാരം നൽകണമെന്ന ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിന് അനുകൂലമായി ആസ്‌ത്രേലിയ വോട്ട് രേഖപ്പെടുത്തിയത്. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കും ഭൂമി പിടിച്ചെടുക്കലിനുമെതിരെ ആസ്‌ത്രേലിയൻ വിദേശമന്ത്രി പെന്നി വോങ് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News