ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; സന്ദർശനം ഔദ്യോഗിക പ്രഖ്യാപനമില്ലാതെ

ഗാൽവാൻ ഏറ്റമുട്ടലിന് ശേഷം രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഉന്നത നയതന്ത്രപ്രതിനിധി സംഘം ഇന്ത്യയിൽ എത്തുന്നത്

Update: 2022-03-25 03:50 GMT
Advertising

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തി. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് സന്ദർശനം. ഇന്ത്യൻവിദേശ കാര്യമന്ത്രിയുമായി വാങ് യീ ഉന്നതതല കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഗാൽവാൻ ഏറ്റമുട്ടലിന് ശേഷം രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഉന്നത നയതന്ത്രപ്രതിനിധി സംഘം ഇന്ത്യയിൽ എത്തുന്നത്.

വ്യാഴാഴ്ച രാത്രി 7.40ന് വാങ് യീ ഡൽഹിയിലെത്തിയത്. ഇന്ത്യയിലെത്തിയ വിവരം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് വാർത്ത പുറത്ത് വന്നത്.  രാവിലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തും. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ ഡൽഹിയിലെത്തിയതെന്നാണ് റിപ്പോർട്ട്.

ചർച്ചകളിൽ സേനാ പിന്മാറ്റവും യുക്രൈൻ വിഷയവും ചർച്ചയായേക്കും. അതിർത്തി തർക്കത്തെ തുടർന്ന് ഇന്ത്യ- ചൈന ബന്ധത്തിൽ വിള്ളലേറ്റതിന് പിന്നാലെയുള്ള പ്രധാനപ്പെട്ട കൂടിക്കാഴ്ടചയാണിത്. ഗാൽവാൻ സംഘർഷത്തെ തുടർന്ന് സൈനിക തലത്തിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. ഇതിനുപുറമേ, ഇതേകാലയളവിൽ മോസ്‌കോയിലും ദുഷാൻബെയിലും വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ് യീയെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ചർച്ചകൾക്കിടെ, കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നതിന് ധാരണയിലെത്തിയിരുന്നു.

അതേസമയം യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ യാതൊരു സഹായവും നൽകരുതെന്ന് ചൈനയ്ക്ക് നാറ്റോ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ ആക്രമണത്തിൽ ചൈന കൃത്യമായ പിന്തുണ നൽകുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് ആരോപിച്ചു.

പച്ച നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ചൈന റഷ്യക്ക് രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ട്. ചൈന റഷ്യയെ ഭൗതികമായി പിന്തുണയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് വ്യാഴാഴ്ച ചേർന്ന നാറ്റോ ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം റഷ്യയുടെ യുദ്ധ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിൽ നിന്നും വിട്ടുനിൽക്കകയും യുദ്ധം ഉടനടി അവസാനിപ്പിക്കാൻ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം ചൈന ചേർന്ന് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News