Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo: Al Jazeera
ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ. ഫലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ആദ്യഘട്ട കരാർ കൈറോ ചർച്ചയിൽ ഇസ്രായേലും ഹമാസും അംഗീകരിച്ചിരുന്നു. വെടിനിർത്തൽ വാർത്ത വന്നതോടെ ഗസ്സയിലെങ്ങും ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി. തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.
ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായും ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നത്.
എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും, ഇസ്രായേൽ അവരുടെ സൈന്യത്തെ ധാരണ പ്രകാരം പിൻവലിക്കുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ആദ്യ ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിൽ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി മോചിപ്പിക്കും.
വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു. കരാർ ഇന്ന് ചേരുന്ന യുദ്ധ കാബിനറ്റിൽ ചർച്ചക്കിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.