ഇസ്രായേലിന്റെ യുദ്ധവെറിയിൽ ലോകമേ, ​ഗസ്സക്ക് വിശക്കുന്നു

കുഞ്ഞുങ്ങളുൾപ്പടെ ലക്ഷക്കണക്കിനാളുകൾ കടുത്ത പട്ടിണിയി​ലായിരിക്കുകയാണെന്ന് യു.എൻ റിപ്പോർട്ട്

Update: 2023-12-22 11:33 GMT

ഇസ്രായേലിന്റെ അവസാനിക്കാത്ത യുദ്ധവെറിയിൽ കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പടെയുള്ള ലക്ഷക്കണക്കിനാളുകൾ കടുത്ത പട്ടിണിയി​ലായിരിക്കുകയാണെന്ന് യു.എൻ റിപ്പോർട്ട്. മുറിവേറ്റ കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രികൾ പോലും ബോംബിട്ട് തകർക്കുന്ന ഇസ്രായേൽ അവരെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യു.എൻ പിന്തുണയോടെ ആഗോള സംഘടനയായ ​ഐ.പി.സി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യഅരക്ഷിതാവസ്ഥകളിലൊന്നിലൂ​ടെയാണ് ഗസ്സയിലെ മുഴുവൻ ജനങ്ങളും കടന്നുപോകുന്ന​ത്.ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങളും കനത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. ഈ അപകടസാധ്യത ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

അഫ്ഗാനിസ്ഥാനിലും യെമനിലും നേരിട്ട ക്ഷാമത്തേക്കാൾ വലുതാണ് ഗസ്സയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്നത്. അഞ്ചര ലക്ഷത്തിലേറെ പേർക്ക് ഒരു നേരത്തെ വിശപ്പടക്കാൻ ​പോലും ഭക്ഷണം ലഭിക്കുന്നില്ല. മാരകമായി മുറിവേറ്റവ​രെ പട്ടിണിക്ക് പിന്നാലെ മറ്റു രോഗങ്ങൾ പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

യുദ്ധം തുടങ്ങിയ ശേഷം അപകടകരമായ രീതിയിലാണ് ഗസ്സ പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നത്. ഇത് ജനങ്ങളുടെ പ്രതിരോധ ശേഷിയിൽ വലിയ കുറവാണുണ്ടാക്കിയിരിക്കുന്നത്. ഭക്ഷണവും മരുന്നുമുൾപ്പടെ വലിയ സഹായം അടിയന്തരമായി ലഭിച്ചില്ലെങ്കിൽ അടുത്ത ആറാഴ്ചയ്ക്കുള്ളിൽ ഗസ്സ പൂർണമായും പട്ടിണയിലേക്ക് ​ പോകാനിടയുണ്ട്.

ഭയപ്പെടുത്തുന്ന കണക്കാണ് ഗസ്സയിൽ നിന്ന് പുറത്ത്‍വരുന്ന​തെന്ന് അന്താരാഷ്‌ട്ര സംഘടനയായ ‘കെയർ’ സാക്ഷ്യപ്പെടുത്തുന്നു.അടിയന്തര ഇടപെടലുകളുണ്ടായില്ലെങ്കിൽ പട്ടിണിയുണ്ടാക്ക​ുന്ന ദു​രന്തസാധ്യത ഓരോ ദിവസവും വർദ്ധിക്കുകയാണ്. ഇ​സ്രായേൽ ​ബോംബിങ്ങിലൂടെ തകർത്തുകളഞ്ഞ ഗസ്സയി​ലേക്ക് ഭക്ഷണവും മരുന്നുമെത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയതാണ് സ്ഥിതി ഗുരുതരമാക്കിയത്.

ഈജിപ്തിൽ നിന്ന് ഭക്ഷണവും വെള്ളവും മരുന്നുമായി എത്തുന്ന ട്രക്കുകൾ പത്ത് ​ശതമാനത്തിന്റെ ആവശ്യങ്ങൾക്ക് പോലും തികയുന്നില്ലെന്നാണ് യു.എൻ പറയുന്നത്. വെടിവെപ്പിന് തുടരുന്നതിന് പുറമെ സഹായങ്ങളെത്തിക്കാനുള്ള യു​.എന്നിന്റെതടക്കമുള്ള ശ്രമങ്ങളെ ഇസ്രായേൽ തടയുന്നതാണ് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നത്. സൈന്യത്തിന്റെ അമിതാധികാരവും, വാർത്തവിനിമയ ബന്ധങ്ങൾ തകർന്നതും ഇന്ധനക്ഷാമവും​ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

വിശപ്പ് സഹിക്കാനാകാതെ ഫലസ്തീനികൾ ഭക്ഷണ ട്രക്കുകളിലേക്ക് ഓടിക്കയറിയതായും ചിലർ കഴുതകളെ അറുത്ത് ഭക്ഷിച്ചതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

അ​തെ സമയം ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. അതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 1.9 ദശലക്ഷം ​​പേരാണ് (ജനസംഖ്യയുടെ 80 ശതമാനത്തിലധികം) വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടത്.

ഒരു ദശലക്ഷത്തിലധികം ആളുകൾ യുഎൻ ഷെൽട്ടറുകളിലാണ് തിങ്ങിപ്പാർക്കുന്നത്. 36 ആശുപത്രികളിൽ ഒമ്പത് എണ്ണംമാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന​തെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News